Sorry, you need to enable JavaScript to visit this website.

മനുഷ്യാവകാശ സംരക്ഷണം: ട്രാക്കിംഗ് സംവിധാനം ഉപയോഗിക്കുന്ന ആദ്യ അറബ് രാജ്യം സൗദി

മനുഷ്യാവകാശ സംരക്ഷണത്തിനുള്ള എൻ.ആർ.ടി.ഡി സംവിധാനം സൗദി ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ ചെയർമാൻ ഡോ.അവാദ് അൽഅവാദ് ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്- മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ നിരീക്ഷിക്കുന്നതിന് അറബ് ലോകത്ത് ദേശീയ ഡാറ്റാബേസുകള്‍ ഉപയോഗിക്കുന്ന ആദ്യ രാജ്യമായി സൗദി അറേബ്യ.
ഡാറ്റാബേസുകള്‍ സ്വീകരിച്ചത് മനുഷ്യാവകാശ കമ്മീഷന്റെ ദൗത്യങ്ങള്‍ എളുപ്പമാക്കും. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും രാജ്യത്തെ മനുഷ്യാവകാശ സ്ഥിതിയെ കുറിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കാനും ഇതുവഴി സാധിക്കും. ഇതോടെ മനുഷ്യാവകാശ മേഖലയിൽ സൗദി അറേബ്യലോക രാജ്യങ്ങളുടെ പ്രശംസക്ക് പാത്രമായി.

ദേശീയ തലത്തിൽ സമാഹരിച്ച വിവരങ്ങളെ (നാഷണൽ ഡാറ്റാ ബെയ്‌സ്) ആധാരമാക്കി മനുഷ്യാവകാശ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രാവർത്തികമാകുന്നുവെന്ന് നിരീക്ഷിക്കുന്ന പദ്ധതിക്കാണ് രാജ്യത്ത് തുടക്കം കുറിച്ചത്.

റിയാദില്‍ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ഡോ.അവാദ് ബിൻ സ്വാലിഹ് അൽഅവാദ് ആണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

മനുഷ്യാവകാശ സംരക്ഷണത്തിന് നാഷണൽ റെക്കമന്റേഷൻ ട്രാക്കിംഗ് ഡാറ്റാബെയ്‌സ് (എൻ.ആർ.ടി.ഡി) നടപ്പിലാക്കുന്ന ആദ്യത്തെ അറബ് രാജ്യമാണ് സൗദി അറേബ്യ. ഈ രംഗത്ത് പരസ്പര സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനെത്തിയ ഐക്യരാഷ്ട്ര സഭക്ക് കീഴിലെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധികൾക്കും സദസ്യർക്കും ഡോ.അവാദ് അൽഅവാദ് കൃതജ്ഞത രേഖപ്പെടുത്തി.

197 അംഗ രാജ്യങ്ങളിൽ യു.എൻ മനുഷ്യാവകാശ കമ്മീഷന് കൃത്യമായി റിപ്പോർട്ട് നൽകുന്ന 36 രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. 2006ൽ ഐക്യരാഷ്ട്ര സഭക്ക് കീഴിൽ സ്ഥാപിതമായ ഉടമ്പടി സമിതികളിൽ നാല് തവണ അംഗമാകുന്നതിനും സൗദിക്ക് സാധിച്ചു. മനുഷ്യാവകാശ മേഖലയിലെ സമഗ്രമായ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാറ്റാ ബെയ്‌സ് അവലംബിക്കുന്നത് ഏറ്റവും സുഗമമായും സുതാര്യമായും കൃത്യനിർവഹണം നടത്തുന്നതിന് കമ്മീഷനെ സഹായിക്കും. 


മനുഷ്യാവകാശം സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സർക്കാർ വകുപ്പുകൾക്ക് ഡാറ്റാ ബെയ്‌സ് മുതൽകൂട്ടായി മാറുമെന്നതിൽ സംശയമില്ല. സൗദിയിലെ മനുഷ്യാവകാശ സ്ഥിതിഗതികളെ കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കുന്നതിനും രാജ്യവ്യാപകമായി കൂടുതൽ അവബോധം വളർത്തുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാകും.


മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ സൗദി അറേബ്യ കൈവരിച്ച നേട്ടത്തെ കുറിച്ച് ഡോ.അവാദ് അൽഅവാദ് വിശദീകരിച്ചു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 18 വയസ്സ് തികയാത്ത കൗമാരക്കാർക്കുള്ള ശിക്ഷാ വിധികളിലും ശാരീരിക മാനസിക പീഡനങ്ങൾക്ക് ശിക്ഷ ഇരട്ടിയാക്കി പീഡന വിരുദ്ധ നിയമത്തിലും ഭേദഗതികൾ വരുത്തിയത് ഇതിന്റെ ഭാഗമായാണ്. 


ഡിസേബിലിറ്റി വെൽഫെയർ അതോറിറ്റി, ഫാമിലി അഫയേഴ്‌സ് കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങൾ രാജ്യത്ത് തുടങ്ങി. സ്ത്രീകളുടെ ഉന്നമനത്തിനായി സൗദി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. അവരുടെ ക്ഷേമം മാനിച്ചു മാത്രം ട്രാഫിക്, പാസ്‌പോർട്ട്, സിവിൽ സ്റ്റാറ്റസ് ലേബർ, ഇൻഷുറൻസ് നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു. വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചുവെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് പുരുഷന്മാരെ പോലെ വിദേശ യാത്ര നടത്താനും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകി. നീതിന്യായ നിർവഹണം കുറ്റമറ്റതാക്കുന്നതിനും രാജ്യം നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.

സമീപ ഭാവിയിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് സമഗ്രമായ വിവര ശേഖരണം, സ്ഥിതിവിവരക്കണക്ക് എന്നിവ തയാറാക്കി മനുഷ്യാവകാശ സംരക്ഷണ രംഗത്ത് രാജ്യത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും ഡോ.അൽഅവാദ് ഉറപ്പു നൽകി. ഹ്യൂമൻ റൈറ്റ്‌സ് ഹൈക്കമ്മീഷണർ പ്രതിനിധി ക്രിസ്റ്റീന മിക്കി, സൗദി അറേബ്യയിലെ യു.എൻ റസിഡന്റ് കോ-ഓഡിനേറ്റർ നതാലിയ ഫോസ്റ്ററ്റ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
 

Latest News