തിരുവനന്തപുരം- കോഴിക്കോട് രണ്ടു വിദ്യാർഥികൾ അറസ്റ്റിലായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി യു.എ.പി.എ നിലനിൽക്കുമോ എന്ന് പരിശോധിക്കുമെന്ന് കേരള പോലീസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. യു.എ.പി.എ പ്രകാരം കോഴിക്കോട് രണ്ടു പേർ അറസ്റ്റിലായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ക്രമസമാധാനവിഭാഗം എ ഡി ജി പി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പോലീസ് മേധാവി വ്യക്തമാക്കി.
ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിൻറെ എല്ലാവശവും തെളിവുകൾ ശേഖരിച്ച് വിശദമായി അന്വേഷിച്ചശേഷം യു.എ.പി.എ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും മേധാവി അറിയിച്ചു. വിദ്യാർഥികളുടെ പേരിൽ യു.എ.പി.എ ചുമത്തിയതിനെതിരെ വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സഹചര്യത്തിലാണ് പോലീസ് വിശദീകരണം. ഇന്നലെ കോഴിക്കോട് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, ത്വാഹ ഫൈസൽ എന്നീ വിദ്യാർഥികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.