കോഴിക്കോട്- മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികൾ 'അര്‍ബന്‍ മാവോയിസ്റ്റു'കളെന്ന് പോലീസ്. കൂടുതൽ പേർ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവർ പ്രവർത്തിച്ചെന്നും കോഴിക്കോട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി. വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം തന്നെ രംഗത്തുള്ളപ്പോഴാണ് ന്യായീകരണവുമായി പോലീസ് എത്തിയത്. അലന് നിയമസഹായം നൽകാൻ സി.പി.എം തീരുമാനിച്ചു. സിപി.എം പന്നിയങ്കര ലോക്കൽ കമ്മറ്റിയുടേതാണ് തീരുമാനം. യു.എ.പി.എ ചുമത്തിയതിൽ പോലീസിനെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം. യു.എ.പി.എ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് സി.പി.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ലെന്നും പോലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.പി ദാസൻ പങ്കെടുത്ത യോഗത്തിലാണ് വിമർശനം.