കോഴിക്കോട്- മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിനെ കുറിച്ച് മാതൃസഹോദരി സജിത മഠത്തിലിന്റെ വികാരനിര്‍ഭരമായ കുറിപ്പ് സമൂഹ മാധ്യമത്തില്‍.
അലന്‍ വാവേ, വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല എന്ന് തുടങ്ങുന്ന കുറിപ്പാണ് അലന്റെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പന്തീരങ്കാവില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് വിശദീകരണം തേടിയിട്ടുണ്ട്.
യുഎപിഎ ചുമത്തിയതില്‍ പോലീസിനെ വിമര്‍ശിച്ച് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കി. പോലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു.
കോഴിക്കോട് ജില്ലാ ജയിലില്‍ തുടരുന്ന ഇരുവരുടെയും ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
സജിത മഠത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
അലന്‍ വാവേ
വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാന്‍ തക്കവണ്ണം പണിയിച്ച കട്ടിലില്‍ ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാല്‍ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?
നാളെ നിന്നെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങള്‍ എടുത്തു വെക്കുമ്പോള്‍ നിന്റെ ചുവന്ന മുണ്ടുകള്‍ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകള്‍ മതിയല്ലെ?
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗില്‍ വെക്കേണ്ടത്? അല്ലെങ്കില്‍ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാന്‍ തന്നെ ഭയം തോന്നുന്നു.
നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ... നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാള്‍?
പെട്ടെന്ന് തിരിച്ച് വായോ!
നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങള്‍!