റിയാദ്- അപകടങ്ങളിൽ പരിക്കേറ്റവർ അടക്കം അടിയന്തര ചികിത്സയും പരിചരണവും ആവശ്യമുള്ളവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിന് നിശ്ചിത പരിധിയിൽ കൂടുതൽ വേഗത്തിൽ വാഹനമോടിക്കുന്നവരെ അമിത വേഗത്തിനുള്ള പിഴയിൽനിന്ന് ഒഴിവാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങളിൽ ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്താൽ മെഡിക്കൽ റിപ്പോർട്ട് സഹിതം ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന ട്രാഫിക് അതോറിറ്റിയെ സമീപിച്ചാൽ മതി.
പരിക്കേറ്റ മകനെ ആശുപത്രിയിലെത്തിക്കാൻ നിശ്ചിത പരിധിയിൽ കൂടുതൽ വേഗത്തിൽ സഞ്ചരിച്ചതിന് തന്റെ പേരിൽ സാഹിർ സംവിധാനം വഴി നിയമ ലംഘനം രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരാൾ നൽകിയ പരാതിയിലാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ വിശദീകരണം.