കോഴിക്കോട്- കൂടത്തായി കൊലപാതക പരമ്പര കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയേക്കും. ആദ്യം രജിസ്റ്റർ ചെയ്ത റോയ് തോമസ് വധക്കേസിൽ ജനുവരി മൂന്നിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം.
ഈ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഈ കാലയളവിനുള്ളിൽ സമർപ്പിക്കുകയെന്നത് സങ്കീർണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഒരു കേസിൽ കുറ്റപത്രം വൈകിയാലും മറ്റ് അഞ്ചു കൊലപാതക കേസുകളിൽകൂടി പ്രതിയായതിനാൽ ജോളിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമ വൃത്തങ്ങൾ പറയുന്നു.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ അന്വേഷണസംഘം 60 ദിവസത്തിനുള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കി കുറ്റപത്രം തയാറാക്കണം. തുടർന്ന് ഇത് വിദഗ്ധ ഉപദേശത്തിനായി എസ്.പി, ഐ.ജി, എ.ഡി.ജി.പി, ഡി.ജി.പി തലത്തിൽ പരിശോധിക്കണം. ഇത് ഒരു മാസത്തിനുള്ളിൽ പൂർത്തീകരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണം. ഓരോ വിഭാഗവും പരിശോധിക്കുമ്പോൾ കൂട്ടിച്ചേർക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ അന്വേഷണ സംഘത്തിന് റിപ്പോർട്ടായി നൽകും.
ഇതു പ്രകാരം വീണ്ടും കുറ്റപത്രം തയാറാക്കണം. അതിനു ശേഷമേ കോടതിയിൽ സമർപ്പിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. കൂടാതെ ശാസ്ത്രീയ തെളിവുകളുടെ റിപ്പോർട്ടുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിക്കണം. ഇതിനായി ഫോറൻസിക് പരിശോധനയും വേഗത്തിലാക്കണം.
പരിശോധനാ ഫലം ലഭിച്ച ശേഷം അത് കുറ്റപത്രത്തിൽ എഴുതിച്ചേർക്കുകയും വേണം. കുറ്റപത്രത്തിനൊപ്പം സമർപ്പിക്കുന്ന രേഖകളും തെളിവുകളും മറ്റും പരിശോധിക്കാനും രേഖപ്പെടുത്താനും കോടതിക്കും സമയം ആവശ്യമാണ്. അതിനാൽ 90 ദിവസത്തിന് മുമ്പേ തന്നെ സമർപ്പിക്കണമെന്നാണ് പറയുന്നത്. 17 വർഷം മുമ്പുള്ള കേസായതിനാൽ തെളിവുകൾ ശേഖരിക്കുന്നതിനും മൊഴികൾ രേഖപ്പെടുത്തുന്നതിനുമെല്ലാം കാലതാമസം നേരിടുന്നുണ്ട്. പഴയ തെളിവുകൾ കണ്ടെത്തുകയെന്നതും, സാക്ഷി മൊഴികൾ കൃത്യമായി കൂട്ടിയോജിപ്പിക്കുകയെന്നതും സങ്കീർണമായ പ്രക്രിയയാണ്. 17 വർഷത്തിനിടെ നടന്ന കൊലപാതകങ്ങളുടെ കൃത്യമായ തെളിവുകൾ സമാഹരിക്കുകയെന്നത് സമുദ്രത്തിൽ തെരയുന്നതിന് തുല്യമാണെന്ന് അന്വേഷണ സംഘം പറയുന്നു.