റിയാദ്- അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്കുള്ള പിഴ സംബന്ധിച്ച് ട്രാഫിക് വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകി. ട്രാഫിക് ലംഘനത്തിനുള്ള പിഴ സമീപ കാലത്ത് വലിയ തോതിൽ ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ചാണ് വിശദീകരണം.
കൂടിയ വേഗമായി 120 കിലോമീറ്റർ നിശ്ചയിച്ച റോഡുകളിൽ നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 10 മുതൽ 20 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിച്ചാൽ 150 റിയാൽ മുതൽ 300 റിയാൽ വരെയും മണിക്കൂറിൽ 20 മുതൽ 30 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിച്ചാൽ 300 റിയാൽ മുതൽ 500 റിയാൽ വരെയും മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിച്ചാൽ 800 റിയാൽ മുതൽ 1000 റിയാൽ വരെയും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിച്ചാൽ 1200 റിയാൽ മുതൽ 1500 റിയാൽ വരെയും പിഴ ചുമത്തും. മണിക്കൂറിൽ 50 കിലോമീറ്ററും അതിൽ കൂടുതലും വേഗത്തിൽ വാഹനമോടിച്ചാൽ 1500 റിയാൽ മുതൽ 2000 റിയാൽ വരെയാണ് പിഴ.
കൂടിയ വേഗമായി 140 കിലോമീറ്റർ നിശ്ചയിച്ച റോഡുകളിൽ നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ അഞ്ചു മുതൽ പത്തു വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെയും മണിക്കൂറിൽ 10 മുതൽ 20 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 800 റിയാൽ മുതൽ 1000 റിയാൽ വരെയും മണിക്കൂറിൽ 20 മുതൽ 30 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 1200 റിയാൽ മുതൽ 1500 റിയാൽ വരെയും മണിക്കൂറിൽ 30 കിലോമീറ്ററും അതിൽ കൂടുതലും കൂടിയ വേഗത്തിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് 1500 റിയാൽ മുതൽ 2000 റിയാൽ വരെയും പിഴ ചുമത്തും.