പാലക്കാട്- സമൂഹ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ പ്രശസ്ത ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പലിനെതിരെ പോലീസ് കേസെടുത്തു. ഫേസ് ബുക്കിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ച സംഭവത്തിലാണ് ആലത്തൂര്‍ പോലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശി ടി.എസ് ആഷിഷ് നല്‍കിയ പരാതിയിലാണ് കേസ്.
ഫിറോസിനെ സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിച്ച യുവതിക്കെതിരെ ഫിറോസ് തന്റെ ഫേസ്ബുക്ക് ലൈവില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശമാണ് വിവാദമായത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.സി ഖമറുദ്ദീന് വേണ്ടി വോട്ട് ചോദിച്ചതിനെതിരെയാണ് പൊതു പ്രവര്‍ത്തകയായ യുവതി വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് ഫിറോസിന്റെ വേശ്യ പരാമര്‍ശം.
പേര് എടുത്ത് പറയാതെ ആയിരുന്നു ഫിറോസിന്റെ ഫേസ്ബുക്ക് ലൈവ്. മാന്യതയുള്ളവര്‍ പറഞ്ഞാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു. സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും മറ്റു പലര്‍ക്കും ശരീരം കാഴ്ച വെക്കുന്ന ഇവര്‍ക്ക് തനിക്കെതിരെ സംസാരിക്കാന്‍ എന്ത് യോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാല്‍ തനിക്ക് ഒന്നുമില്ലെന്നും ഇവരോടൊക്കെ പുച്ഛമാണെന്നും ഫിറോസ് വീഡിയോയില്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഫിറോസ് ഖേദം പ്രകടിപ്പിച്ചിരുന്നു.