തിരുവനന്തപുരം- മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരം നടപടികളെന്നും എൽ.ഡി.എഫ് സർക്കാരിന് ഭൂഷണമല്ലെന്നും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ നിലവിലുള്ള സംവിധാന പ്രകാരം കേസെടുക്കുന്നതിൽ തെറ്റില്ലെന്നും കാനം വ്യക്തമാക്കി. എന്നാൽ വിചാരണയില്ലാതെ തടങ്കലിൽ വെക്കുന്ന ഒരു നിയമത്തോടും യോജിക്കാനാകില്ല. ഇടതു സർക്കാരിന്റെ നയങ്ങൾക്കനുസരിച്ചാണ് പോലീസ് പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി കോഴിക്കോട് വരുന്ന ദിവസം തന്നെ ഇത്തരമൊരു സംഭവം നടന്നതിൽ ഗൂഢാലോചനയുണ്ടോയെന്നത് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കേസുകളിലൊന്നും യുഎപിഎ ചുമത്തരുത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാത്രമേ ഇത്തരം നിയമങ്ങൾ ചുമത്താൻപാടുള്ളുവെന്നാണ് കേരളത്തിലുള്ള നിർദ്ദേശമെന്നും കാനം പറഞ്ഞു.