തിരുവനന്തപുരം- മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് രണ്ട് സി.പി. യു.എ.പി.എ ചുമത്തി കോഴിക്കോട് അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടി. ഏത് സാചര്യത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് ചോദിച്ച മുഖ്യമന്ത്രി ഉടൻ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
യു.എ.പി.എ ചുമത്തിയത് നേരിട്ട് അന്വേഷിക്കാൻ ഉത്തരമേഖല ഐ.ജിക്ക് ഡി.ജി.പി നിർദേശം നൽകി. ഐ.ജി പന്തീരങ്കാവ് സ്‌റ്റേഷനിലെത്തി അന്വേഷിക്കാനാണ് നിർദേശം നൽകിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ പന്തീരങ്കാവ് സ്‌റ്റേഷനിലെത്തി.
അതേസമയം അറസ്റ്റിലായ അലൻ ശുഹൈബ് നിരപരാധിയെന്ന് അമ്മ സബിത പറഞ്ഞു. അലന് മാവോയിസ്റ്റ് ബന്ധമില്ല. ആരോ കൊടുത്ത ലഘുലേഖയാണ് കയ്യിൽ ഉണ്ടായിരുന്നത്. സബിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകിയിരുന്നു. പരാതി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും സബിത വ്യക്തമാക്കി.
യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയിൽ പ്രതിഷേധവുമായി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ പൊലീസ് പുനരാലോചന നടത്തേണ്ടിയിരുന്നെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞിരുന്നു.
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികളും സി.പി.എം പ്രവർത്തകരുമായ രണ്ട് യുവാക്കളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്.