കോഴിക്കോട്- ഹിന്ദുക്കളുടെ പുണ്യഭൂമിയായ അയോധ്യയെ ലോക ആത്മീയ കേന്ദ്രമായി ഉയർത്താൻ നരേന്ദ്ര മോഡിക്ക് കഴിയുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. ആർ.എസ്.എസ് മുഖപത്രമായ കേസരിയുടെ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എൻ.ആർ.മധു അധ്യക്ഷനായി. കെ.പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
അയോധ്യ കേസിൽ ഹിന്ദു ഭൂരിപക്ഷത്തിന്റെ വികാരം അംഗീകരിക്കുന്നതും സമന്വയത്തിന് ഉതകുന്നതുമായിരിക്കുന്നതുമാകട്ടെയെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. മുഗളൻമാരെ യഥാർഥ മുസ്‌ലിംകളായി ഇന്ത്യയിലെ മുസ്‌ലിംകൾ കരുതുന്നില്ല. ദീൻ ഇലാഹി എന്ന പ്രത്യേക മതം ഉണ്ടാക്കിയ അക്ബർ ഇസ്‌ലാമിന്റെ ശത്രുവായിരുന്നു. മുസ്‌ലിംകൾക്ക് മക്കയും ക്രിസ്ത്യാനികൾക്ക് വത്തിക്കാനും പോലെയാണ് ഹിന്ദുക്കൾക്ക് അയോധ്യ. ഇവിടം ലോക നിലവാരത്തിലെ ആത്മീയ ടൂറിസ്റ്റ് തീർഥാടന കേന്ദ്രം ഉണ്ടാവണം. നെഹ്‌റു, പിണറായി വിജയൻ എന്നീ ഭരണാധികാരികളുടെ വ്യക്തിപരമായ താൽപര്യങ്ങളാണ് അയോധ്യയും ശബരിമലയുമൊക്കെ വഷളാക്കിയത്.
സൗഹൃദത്തോടെ ജീവിച്ച പാരമ്പര്യമാണ് കേരളത്തിലെ ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കുമുള്ളത്. മഞ്ചേശ്വരത്ത് യു.ഡി.എഫും എൽ.ഡി.എഫും പൗരത്വ പട്ടികയുടെ പേരിൽ കുപ്രചരണം നടത്തിയെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. താഹാബാഫഖിയും പ്രസംഗിച്ചു.