Sorry, you need to enable JavaScript to visit this website.

എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

തിരുവനന്തപുരം- ഈ വര്‍ഷത്തെ  എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന്. സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.
എഴുത്തുകാരായ വൈശാഖന്‍ അധ്യക്ഷനും എം. മുകുന്ദന്‍, കെ. ജയകുമാര്‍, സാസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
1936ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദിന്റെ ശരിയായ പേര് പി. സച്ചിദാനന്ദന്‍ എന്നാണ്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം പട്ടാളത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ് ഡയറക്ടറായി ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു. നോവല്‍, ചെറുകഥ, നാടകം, ലേഖനം, പഠനം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഗോവര്‍ധന്റെ യാത്രകള്‍ക്ക് 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലിന് വയലാര്‍ അവാര്‍ഡും ലഭിച്ചു.
 ആള്‍ക്കൂട്ടത്തിന്‌ലഭിച്ച യശ്പാല്‍ അവാര്‍ഡും അഭയാര്‍ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും നിരസിച്ചു. വിവര്‍ത്തനത്തിനുള്ള 2012ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ആനന്ദിന് ലഭിച്ചിട്ടുണ്ട്.

 

Latest News