Sorry, you need to enable JavaScript to visit this website.

ബിനീഷിന് വിഷമം ഉണ്ടായെങ്കിൽ ഹൃദയം തൊട്ട് മാപ്പ്-അനിൽ രാധാകൃഷ്ണ മേനോൻ

കൊച്ചി- പാലക്കാട് മെഡിക്കൽ കോളേജിൽ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ ഹൃദയം തൊട്ടു മാപ്പു ചോദിക്കുന്നുവെന്ന്  സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. താൻ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് മാപ്പ് ചോദിക്കുന്നവെന്ന് അനിൽ രാധാകൃഷ്ണ മേനോൻ വ്യക്തമാക്കി. തന്റെ പേരിനൊപ്പം മേനോൻ ഉണ്ടെന്ന് കരുതി തന്നെ സവർണനായി മുദ്രകുത്തരുതെന്നും താൻ അത്തരത്തിൽ ചിന്തിക്കുന്ന ഒരാളല്ലെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞു.
'ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയിൽ അദ്ദേഹത്തിന് ഒരു ചെറിയ വേഷം എഴുതി വച്ചിട്ടുണ്ട്. ഞാൻ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ മാപ്പ് ചോദിക്കുന്നു. മാസിക പ്രകാശനം ചെയ്യാനാണ് എന്നെ ക്ഷണിച്ചത്. ഞാൻ വരില്ല എന്ന് പറഞ്ഞിരുന്നു, കാരണം തലേ ദിവസമാണ് എന്നെ വിളിച്ചത്.  ഔദ്യോഗികമായി എന്നെ ക്ഷണിക്കാൻ വരണമെന്ന് സംഘാടകരോട് പറഞ്ഞിരുന്നു. ക്ഷണിക്കാൻ വന്നപ്പോൾ ആരെല്ലാം വരുന്നുണ്ടെന്ന് അവരോട് ചോദിച്ചു. ഇത്രയും വൈകി ക്ഷണിച്ചതിനാൽ ആരും വരാൻ തയ്യാറല്ല എന്നാണ് അവർ പറഞ്ഞത്.
ഞാൻ പണം വാങ്ങാതെയാണ് ഇത്തരം പരിപാടികൾക്ക് പോകുന്നത്. മറ്റൊരാളുടെ ലൈം ലെറ്റ് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാൻ അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കിൽ ഇല്ലെന്ന് പറഞ്ഞിരുന്നു.

പിറ്റേ ദിവസമാണ് ബിനീഷ് ബാസ്റ്റിൻ ഉണ്ടെന്ന് പറയുന്നത്. ആ നേരം തന്നെ എന്നെ ഒഴിവാക്കണമെന്ന് പറഞ്ഞു. ബിനീഷ് ആയതുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. അതിഥിയായി മറ്റൊരാൾ വരുന്നുണ്ടെങ്കിൽ ഞാൻ പരിപാടിയിൽ നിന്ന് ഒഴിവാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സംഘാടകർ എന്നെ വിളിച്ച് ആ പരിപാടി മാറ്റി വച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു.

ബിനീഷ് കയറി വന്നപ്പോൾ ഞാൻ തന്നെയാണ് എല്ലാവരോടും കയ്യടിക്കാൻ പറഞ്ഞത്. ബിനീഷിന്റെ സാമിപ്യം പ്രശ്‌നമാണെന്ന് ഞാൻ പറഞ്ഞില്ല. ബിനീഷ് വേദിയിൽ വന്നപ്പോൾ കസേരയിൽ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ലെന്നും  അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു.

മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞത് വിവാദമായിരുന്നു. തന്റെ സിനിമയിൽ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകൻ പറഞ്ഞുവെന്നും അതിനാൽ പരിപാടി കഴിഞ്ഞ് വന്നാൽ മതിയെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.
 

Latest News