റിയാദ് - കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) വായ്പാ നിരക്കുകൾ കുറച്ചു. അമേരിക്കൻ ഫെഡറൽ റിസർവ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറച്ചതിനെ പിന്തുടർന്നാണ് സാമയും വായ്പാ നിരക്കുകൾ കുറച്ചത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കാൽ ശതമാനം തോതിലാണ് കുറച്ചിരിക്കുന്നത്.
റിപ്പോ നിരക്ക് രണ്ടര ശതമാനത്തിൽ നിന്ന് രണ്ടേകാൽ ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് രണ്ടു ശതമാനത്തിൽനിന്ന് ഒന്നേമുക്കാൽ ശതമാനവും ആയാണ് കുറച്ചിരിക്കുന്നത്. സാമ്പത്തിക വളർച്ചക്ക് ഉത്തേജനം നൽകുന്നതിന് ലക്ഷ്യമിട്ട് ഈ വർഷം ഇത് മൂന്നാം തവണയാണ് അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറക്കുന്നത്. സൗദി അറേബ്യക്കു പുറമെ മറ്റു ഗൾഫ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വായ്പാ നിരക്കുകൾ കുറച്ചിട്ടുണ്ട്.