തിരുവനന്തപുരം - ഒരു വ്യക്തിയോ പ്രസ്ഥാനമോ തങ്ങളെ വിട്ട് പോയത് എത്ര നന്നായി എന്ന് ഒരാൾ ആഹ്ലാദപൂർവം പറയണമെങ്കിൽ കാര്യങ്ങൾ അങ്ങേയറ്റമെത്തണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീലിനെ പരാമർശിക്കവേ ഇങ്ങനെ പറഞ്ഞപ്പോൾ തെളിഞ്ഞു വന്നത് ജലീനെതിരെ യു.ഡി.എഫ് സ്വീകരിക്കാൻ പോകുന്ന ഭാവി നിലപാടിന്റെയും സൂചന. തനിക്കെതിരെ പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ തന്റെ പൂർവാശ്രമമായ മുസ്‌ലിം ലീഗാണെന്ന് മന്ത്രി ജലീൽ ആവർത്തിച്ചു പറഞ്ഞിരുന്നു. കോൺഗ്രസിലെ വി.ഡി. സതീശനാണ് എം.ജി യൂനിവേഴ്‌സിറ്റി മാർക്ക് ദാന വിഷയത്തിലെ അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിച്ചത്. മന്ത്രി ജലീലുമായി ബന്ധപ്പെട്ടാകുമ്പോൾ കാര്യങ്ങളൊക്കെ പതിവ് പോലെ- മാർക്കു ദാനം, യൂനിവേഴ്‌സിറ്റി കാര്യങ്ങളിലെ ഇടപെടൽ എന്നിവയിലൊക്കെ ചെന്ന് നിന്നു. മാസങ്ങളായി ആരോപണം തുടരുമ്പോഴും കാര്യങ്ങൾക്കൊന്നും ഒരു മാറ്റവുമില്ല. തന്നെയിങ്ങനെ വേട്ടയാടുന്നത് ലീഗാണെന്ന് ജലീൽ ആവർത്തിച്ചു പറഞ്ഞപ്പോഴാണ് ഹോ ജലീൽ പോയതെത്ര നന്നായെന്ന് രമേശ് ചെന്നിത്തലക്ക് ആശ്വാസം കൊള്ളേണ്ടിവന്നത്. വിഷയമവതരിപ്പിച്ചത് സതീശനായിരുന്നുവെങ്കിലും കാര്യങ്ങൾ ലീഗിലെ കെ.എം.ഷാജിയും ജലീലും തമ്മിലുള്ള വാക്‌പോരിലുമെത്തി. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പടികയറാത്ത ഷാജി എന്ന ജലീലിന്റെ പ്രയോഗം യൂത്ത് ലീഗിലെ മുൻ സഹപ്രവർത്തകനെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപമായി. ഹൈസ്‌കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ചവരല്ലേ നിങ്ങളെന്ന് മുൻ പാർട്ടിയായ ലീഗിനോടും ജലീലിന്റെ ചോദ്യം.
'മാർക്ക്ദാന തീരുമാനം പിൻവലിച്ചത് യൂനിവേഴ്‌സിറ്റിയാണ്. എനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങൾക്കും പിന്നിൽ മുസ്‌ലിം ലീഗാണ്. അധികാരത്തിലേറിയ അന്ന് മുതൽ തുടങ്ങിയതാണ് ലീഗിന്റെ ഈ ആരോപണങ്ങൾ'.
എം.ജി സർവകലാശാല മാർക്ക്ദാന വിഷയത്തിൽ വന്ന അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി പറഞ്ഞ മറുപടിയുടെ ചുരുക്കം ഇങ്ങനെയായിരുന്നു.
താനുന്നയിക്കുന്ന ആരോപണങ്ങൾ സ്ഥാപിച്ചെടുക്കുന്നതിൽ മിടുക്കനായ വി.ഡി സതീശനുണ്ടോ അടങ്ങുന്നു. 'മന്ത്രിക്ക് സർവകലാശാല നടപടികളിൽ ഇടപെടാൻ ഒരധികാരവുമില്ല. വൈസ് ചാൻസലറുടെ അഭാവത്തിൽ മാത്രമാണ് പ്രോ ചാൻസലർക്ക് അധികാരം. ജലീലിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണം. ഇതെന്താ ധർമസംസ്ഥാപനത്തിനായി അവതരിച്ചയാളാണോ ഈ മന്ത്രി. മാർക്ക് ദാനം അദാലത്തിൽ അല്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്. പൂവ് ചോദിച്ചാൽ പൂങ്കാവനം കൊടുക്കുന്ന മന്ത്രിസഭയാണിത്. പരീക്ഷാഫലം വന്നതിനു ശേഷം മാർക്ക് കൂട്ടി നൽകാൻ എന്ത് ചട്ടമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കണം. അങ്ങനെ മന്ത്രി ചെയ്താൽ ഞാനീ ആരോപണത്തിൽനിന്ന് പിന്മാറാം' -മന്ത്രി ജലീലിന് സതീശന്റെ വെല്ലുവിളി.
'തോറ്റ വിദ്യാർഥിക്ക് മോഡറേഷൻ നൽകാൻ തീരുമാനിച്ചത് സിൻഡിക്കേറ്റാണ്. മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിച്ചത്. തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തിട്ടില്ല. തനിക്കെതിരെ ഉയർത്തിക്കൊണ്ടുവന്ന കാര്യങ്ങൾ മല പോലെ വന്നത് എലി പോലെ പോയി' -മന്ത്രി ഇങ്ങനെ ആശ്വസിച്ചു. മാർക്ക് ദാനം പിൻവലിച്ചത് തെറ്റ് അംഗീകരിച്ചതിനുള്ള തെളിവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ടു. 'കട്ട മുതൽ തിരിച്ചു കൊടുത്താൽ കളവ് കളവാകാതിരിക്കുമോ?' യു.ഡി.എഫ് ഉന്നയിച്ചുകൊണ്ടിരിക്കുന്ന മാർക്ക് ദാന ആരോപണം കൂടുതൽ ശക്തമാക്കി പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.
ബി.ജെ.പിയിൽനിന്ന് സി.പി.എമ്മിലെത്തിയ ഒ.കെ. വാസുവിനെ ഉപയോഗിച്ച് സി.പി.എം മലബാർ ഭാഗത്ത് ഭൂരിപക്ഷ വർഗീയത വളർത്തുന്നുവെന്ന ഗുരുതരമായ വിഷയം പറഞ്ഞത് കോൺഗ്രസിലെ ശബരീനാഥാണ്. മഞ്ചേശ്വരത്ത് അത് പരീക്ഷിച്ചു നോക്കി. വിശ്വാസി സ്ഥാനാർഥിയെന്നും റായ് വരുന്നുവെന്നുമൊക്കെ അവിടെ പറഞ്ഞു നോക്കിയത് അതിന്റെ ഭാഗമായിരുന്നു. ഒന്നും നടന്നില്ല. ജനാധിപത്യ വിശ്വാസികൾ അതങ്ങ് തകർത്തു കളഞ്ഞു- ഇതാ വിജയിയായി ഞങ്ങളുടെ പ്രിയപ്പെട്ട എം.സി. ഖമറുദ്ദീൻ അവിടെയിരിക്കുന്നു- കോൺഗ്രസ് യുവ അംഗം ആവേശം കൊണ്ടു. മലബാർ ഹിന്ദുമത ധർമ എൻഡോവ്‌മെന്റുകൾ (ഭേദഗതി) ബിൽ ചർച്ചയായിരുന്നു വേദി. നിയമ നിർമാണം വഴി ഗുണം കിട്ടുന്നത് മലബാർ ദേവസ്വം ബോർഡ് ഭാരവാഹിയായ ഒ.കെ. വാസുവിനാണ്. വാസുവുമായി ചേർന്ന് സി.പി.എം പക്ഷത്തേക്ക് ആർ.എസ്.എസ് ആശയങ്ങളെ ശാക്തീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം.
കോൺഗ്രസിലെ വി.എസ് ശിവകുമാറും ഇക്കാര്യം മറ്റൊരു രീതിയിൽ ആവർത്തിച്ചു. അത്തരമൊരു യോജിപ്പിന്റെ പരീക്ഷണ ഓട്ടമാണ് വട്ടിയൂർക്കാവിൽ കണ്ടതെന്ന് ശിവകുമാർ നിരീക്ഷിച്ചപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതുതായി പാസാക്കാൻ പോകുന്ന നിയമത്തെ 'ഒ.കെ.വാസു ആക്ട് ' എന്ന പേരിട്ടു പരിഹസിച്ചു. ഇതു കേട്ടപ്പോൾ ചർച്ചക്ക് മറുപടി പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വല്ലാതെ ക്ഷോഭിച്ചു- വളരെ തരം താണ വർത്തമാനമായിപ്പോയി തിരുവഞ്ചൂരെ ഇതൊക്കെ. ഉറപ്പാണ് നിങ്ങൾക്കിനിയും ജനം മറുപടി തരും- തിരുവഞ്ചൂരിന് കടകംപള്ളിയുടെ മറുപടി. വട്ടിയൂർക്കാവിലെ വോട്ടർമാരെ നിങ്ങളിങ്ങനെ അപമാനിക്കരുത് കേട്ടോ - അത്രയുമേ മന്ത്രിക്ക് യു.ഡി.എഫിനോട് പറയാനുള്ളൂ. കേരള പോലീസ് ഭേദഗതി ബിൽ ചർച്ച സ്വാഭാവികമായും ഏറ്റവും പുതിയ നക്‌സൽ വേട്ടയിലും ചെന്നെത്തി.
നിരാകരണ പ്രമേയം അവതരിപ്പിച്ച മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ൺ ദീർഘനേരമാണ് സംസാരിച്ചത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ബിൽ അവതരിപ്പിച്ച മന്ത്രി ജി. സുധാകരന്റെ കഴിവുകളെപ്പറ്റി പറയാൻ തിരുവഞ്ചൂർ വാക്കില്ലാതെ വിഷമിച്ചു. പോലീസുമായി ബന്ധപ്പട്ട നിയമങ്ങളൊക്കെ വായിച്ചാൽ നല്ലവണ്ണം മനസ്സിലാകുന്നയാളാണ് സുധാകരൻ എന്ന തിരുവഞ്ചൂരിന്റെ വാക്കുകളിലുമുണ്ടായിരുന്നു ഒളിയമ്പ്. മാവോയിസം വളരാൻ കാരണം കമ്യൂണിസ്റ്റുകാരല്ലേ എന്ന പി.ടി തോമസിന്റെ ചോദ്യം സുധാകരനെ ശരിക്കും പ്രകോപിപ്പിച്ചു. കമ്യൂണിസവുമായി ബന്ധപ്പെട്ട എന്തെങ്കിലും അടിസ്ഥാന വിമർശം വന്നാൽ സുധാകരൻ എപ്പോഴും അങ്ങനെയാണ്. തിരുവഞ്ചൂരിനോട് ചോദ്യം ചോദിച്ച സി.പി.എം അംഗം ടി.വി. രാജേഷിനെ പഴയ മുടക്കോഴി മലകാര്യവും കൊടി സുനിയെയുമൊക്കെ ഓർമിപ്പിച്ചാണ് തിരുവഞ്ചൂർ നിർത്തിയത്. ഒടുവിൽ രാജേഷിന് ഒരു സർട്ടിഫിക്കറ്റും- അങ്ങ് നിഷ്‌കളങ്കനാണ്- ഇതു കേട്ടപ്പോൾ ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞ ടി.വി. രാജേഷിന്റെ ആ പഴയ കരച്ചിൽ എല്ലാവരുടെയും ഓർമയിലെത്തി.