അബുദാബി - ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങൾക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നടത്തിയ ഗൾഫ് പര്യടനം തീർത്തും നിഷ്ഫലമാണെന്നും ഒരു പുരോഗതിയും കൈവരിക്കാതെയാണ് തുർക്കി പ്രസിഡന്റ് പര്യടനം പൂർത്തിയാക്കി മടങ്ങിയതെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഉർദുഗാൻ സൗദി അറേബ്യയും കുവൈത്തും ഖത്തറും സന്ദർശിച്ചിരുന്നു. വിദേശ നേതാക്കൾ ആവർത്തിച്ച് നടത്തുന്ന സന്ദർശനങ്ങളിൽ സാധ്യമാകാത്ത പുരോഗതി സ്വന്തം നയനിലപാടുകൾ ഖത്തർ പുനഃപരിശോധിക്കുന്നതിലൂടെ സാധ്യമാകുമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾ തുടരണമെന്ന കാര്യത്തിൽ മൂന്നു രാജ്യങ്ങളുടെയും രാഷ്ട്ര നേതാക്കളുമായി പ്രസിഡന്റ് ധാരണയിലെത്തിയതായി തുർക്കി പ്രസിഡൻഷ്യൽ പാലസ് വക്താവ് പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദുമായും ചർച്ചകൾ നടത്തിയ ശേഷം തുർക്കി പ്രസിഡന്റ് പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല.