Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിജി പഠിക്കും, സര്‍ക്കാര്‍ നെഞ്ചോട് ചേര്‍ത്തുവെക്കും- മന്ത്രി കെ.ടി. ജലീല്‍

തിരുവനന്തപുരം- ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട് കോളേജ് മാറ്റം ലഭിച്ച പെണ്‍കുട്ടി വിവാദങ്ങളെത്തുടര്‍ന്ന് പഠനം നിര്‍ത്തിയ സംഭവത്തില്‍ മന്ത്രി ജലീല്‍ ഇടപെട്ടു.
സര്‍ക്കാര്‍ സ്ഥാപനമായ സി  ആപ്റ്റില്‍ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ആനിമേഷന്‍ ആന്‍ന്റ് വെബ് ഡിസൈനിംഗ് കോഴ്‌സിന് ചേര്‍ന്നു പഠിക്കാനുള്ള വിജിയുടെ ആഗ്രഹം ഗവണ്‍മെന്റ് മുന്‍കയ്യെടുത്ത് സഫലമാക്കുമെന്ന് മന്ത്രി അറിയിച്ചു.

അടുത്ത അദ്ധ്യായന വര്‍ഷം നഗരത്തിലെ ഏതെങ്കിലും ഒരു കോളേജില്‍ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും. വിജി ഒരു പ്രതീകമാണ്. ആരോരുമില്ലാത്ത ആയിരങ്ങളുടെ പ്രതീകം. അവരെപ്പോലുള്ള നിരാലംബര്‍ക്ക് താങ്ങും തണലുമായി പിണറായി സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് മന്ത്രി ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു.

അച്ഛന്‍ ചെറുപ്പത്തിലേ നഷ്ടപ്പെടുകയും അമ്മ ക്യാന്‍സറിന് അടിപ്പെട്ട് യാത്രയാവുകയും ചെയ്ത് അനാഥയായ തിരുവനന്തപുരം സ്വദേശിനി വിജിക്ക് ചേര്‍ത്തല എന്‍.എസ്.എസ് എയ്ഡഡ് കോളേജിലാണ് മെറിറ്റില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നത്. ഓരോ ദിവസവും ആറു മണിക്കൂര്‍ യാത്ര ചെയ്ത് ആലപ്പുഴയിലെത്താനുള്ള പ്രയാസവും അവിടെ ഹോസ്റ്റലില്‍ ചേര്‍ന്നു പഠിക്കാനുള്ള സാമ്പത്തിക പ്രയാസം കൊണ്ടുമാണ് തലസ്ഥാനത്ത് സീറ്റൊഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ വുമന്‍സ് കോളേജിലേക്ക് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
അതിനെതിരെയാണ് പ്രതിപക്ഷം ദുഷ്ടലാക്കോടെ തന്നെ ലക്ഷ്യമിട്ട് തുനിഞ്ഞിറങ്ങിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി. അടിമുടി അനാവശ്യ കോലാഹലങ്ങള്‍ തീര്‍ത്ത വിവാദങ്ങള്‍ അഭിമാനിയായ വിജിയില്‍ തീര്‍ത്ത അപമാനം സഹിക്കവയ്യാതെ ആ കുട്ടി ഈ വര്‍ഷം പഠിക്കേണ്ടെന്നു തീരുമാനിച്ചത് വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിഷയം വിവാദമായതോടെ താന്‍ പഠിപ്പ് നിര്‍ത്തുകയാണെന്ന് പെണ്‍കുട്ടി അറിയിച്ചു. മന്ത്രി അനധികൃത നിയമനമല്ല നടത്തിയതെന്നും തന്റെ അവസ്ഥ കണ്ട് സഹായിക്കുകയായിരുന്നെന്നും പെണ്‍കുട്ടി ഫേസ് ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍നിന്ന് തിരുവനന്തപുരം വിമന്‍സ് കോളേജിലാക്കാണ് മന്ത്രി ഇടപെട്ട് മാറ്റം നല്‍കിയത്. എന്നാല്‍, മാര്‍ക്ക് ദാന വിവാദത്തില്‍ ഈ സംഭവവും ഉയര്‍ന്നുവന്നതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.
പഠനം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് വിദ്യാര്‍ഥിനി നല്‍കിയ കത്ത് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ചേര്‍ത്തലയില്‍നിന്ന് പഠിക്കാന്‍ സാധിക്കാത്തതിനാലാണ് വിദ്യാര്‍ഥിനി പഠനം അവസാനിപ്പിക്കുന്നതെന്നും സിന്‍ഡിക്കേറ്റ് വ്യക്തമാക്കിയിരുന്നു.

 

Latest News