Sorry, you need to enable JavaScript to visit this website.

വാളയാർ: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ വനിതാ നേതാക്കളെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം - വാളയാർ പ്രതികളെ വെറുതെ വിട്ട വാളയാർ കേസിൽ പുനരന്വേഷണം നടത്തുക, പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കുക, ചൈൽഡ് വെൽഫെയർ കമീഷനെ രാഷ്ട്രീയ മുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്, സംസ്ഥാന നേതാക്കളായ ചന്ദ്രിക കൊയിലാണ്ടി, സുബൈദ കക്കോടി, സുഭദ്രാമ്മ തോടപ്പള്ളി, മുംതാസ് ബീഗം, സനീറ ബീവി, ആരിഫ ബീവി എന്നിവർ ഉൾപ്പെടെ 22 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

വാളയാർ കൊലപാതകക്കേസിൽ പ്രതികൾ രക്ഷപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ പറഞ്ഞു. 
വ്യക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് തെളിവുകൾ ദുർബലമാക്കി കേസ് അട്ടിമറിക്കപ്പെടാൻ ഇടവരുത്തിയത്. പതിനൊന്നു വയസ്സായ മൂത്ത പെൺകുട്ടിയെ കെട്ടിത്തൂക്കിയത് കാണുന്ന വേളയിൽ രണ്ടുപേർ മുഖംമറച്ച് വീട്ടിൽനിന്ന് ഇറങ്ങിയോടുന്നതു കണ്ട ഇളയ കുട്ടിയുടെ മൊഴിയും മറ്റൊരു സാക്ഷിയായ അബ്ബാസിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. 
കേസിൽ രാഷ്ട്രീയ ഇടപെടലുകളാണ് നടന്നതെന്ന് പകൽ പോലെ വ്യക്തമാണ്. പ്രഥമ ഘട്ടത്തിൽ തന്നെ കേസിനെ ദുർബലപ്പെടുത്തുവാനുള്ള സംശയാസ്പദ നീക്കങ്ങളാണ് പ്രോസിക്യൂഷന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായത്. മുഖം രക്ഷിച്ചെടുക്കുവാനായി സമ്മർദത്തെത്തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ പ്രതികൾക്കായി ഹാജരായതു തന്നെ പ്രതികളെ രക്ഷിച്ചെടുക്കുന്നതിനുള്ള സൂചനയായിരുന്നു എന്നും അവർ പറഞ്ഞു. 
കേസ് പ്രതികൾക്കനുകൂലമായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഇതുൾക്കൊണ്ട് രാജിക്ക് തയാറാവുക എന്ന രാഷ്ട്രീയ ധാർമികത മുഖ്യമന്ത്രി കാണിക്കണമെന്നും കേസ് പുനരന്വേഷിക്കണമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസഥാന പ്രസിഡന്റ് ജബീന ഇർഷാദ് പറഞ്ഞു. 
നേരത്തെ മ്യൂസിയം പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ക്ലിഫ് ഹൗസിന് മുന്നിൽ പോലീസ് തടഞ്ഞു. 
മാർച്ചിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര മുഖ്യ പ്രഭാഷണം നടത്തി. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി മുംതസ് ബീഗം, ജില്ല പ്രസിഡന്റ് രഞ്ജിത ജയരാജ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എൻ.എം അൻസാരി എന്നിവർ സംസാരിച്ചു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ സ്വാഗതവും സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി നന്ദിയും പറഞ്ഞു. 
 

 


 

 

Latest News