തൃശൂർ - കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ബുധനാഴ്ച രാത്രി പോസ്റ്റുമോർട്ടം കഴിഞ്ഞ ശേഷം നാലു മൃതദേഹങ്ങളും തൃശൂർ മുളങ്കുന്നത്തുകാവിലുള്ള മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ കനത്ത സുരക്ഷാകാവലിൽ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട മണിവാസകൻ, കാർത്തിക് എന്നിവരുടെ ബന്ധുക്കൾ മാത്രമാണ് ആശുപത്രിയിലെത്തിയിട്ടുള്ളത്. മറ്റു രണ്ടുപേരുടേയും ബന്ധുക്കളാരും ആശുപത്രിയിലെത്തിയിട്ടില്ല. മണിവാസകന്റെയും കാർത്തിക്കിന്റെയും മൃതദേഹങ്ങൾ റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ ഇന്നലെ തൃശൂർ റേഞ്ച് ഡി.ഐ.ജിയെ കണ്ടു.
പാലക്കാട് നിന്നുള്ള അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പോസ്റ്റുമോർട്ടം നടത്തിയ ഡോ.ഹിതേഷ് ശങ്കറുമായി കൂടിക്കാഴ്ച നടത്തി വിശദാംശങ്ങൾ ശേഖരിച്ചു. റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് നൽകിയ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഇത് അംഗീകരിച്ചില്ലെങ്കിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ തൃശൂർ റേഞ്ച് ഡി.ഐ.ജിയെ കണ്ട് മൃതദേഹങ്ങൾ റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി.
കൊല്ലപ്പെട്ട മണിവാസകത്തിന്റെ സഹോദരി, കാർത്തിക്കിന്റെ സഹോദരൻ എന്നിവരാണ് ഡി.ഐ.ജി ഓഫീസിലെത്തി അപേക്ഷ നൽകിയത്. എന്തിനാണ് ഈ ദൗത്യം നടത്തിയതെന്ന് വിശദീകരണം നൽകണമെന്നും അല്ലാത്ത പക്ഷം മൃതദേഹങ്ങൾ ഏറ്റെടുക്കില്ലെന്നും ഇവർ പറഞ്ഞു. മണിവാസകത്തിന്റെയും കാർത്തിക്കിന്റെയും അല്ലാത്ത രണ്ടു മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കളാരും എത്തിയില്ലെങ്കിൽ അത് ഏറ്റെടുത്ത് സംസ്‌കരിക്കാൻ തയ്യാറാണെന്ന് സമ്മതിച്ച് പോരാട്ടം സംഘടനയ്ക്കു വേണ്ടി എം.എൻ.രാവുണ്ണിയും ഡി.ഐ.ജിക്ക് അപേക്ഷ നൽകി.
എന്നാൽ കേസിപ്പോൾ അന്വേഷിക്കുന്നത് പാലക്കാട് ക്രൈം ബ്രാഞ്ചാണെന്നും അതിനാൽ അവിടെ നേരിട്ട് ചെന്ന് അപേക്ഷ നൽകണമെന്നും ഡി.ഐ.ജി ഓഫീസിൽ നിന്ന് അറിയിച്ചു. ഇതെത്തുടർന്ന് മണിവാസകന്റെയും കാർത്തിക്കിന്റെയും ബന്ധുക്കൾ പാലക്കാട്ടേക്ക് പോവുകയാണെന്നും അവിടെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകുമെന്നും ബന്ധുക്കൾക്കൊപ്പമുണ്ടായിരുന്ന പൊതുപ്രവർത്തകൻ ടി.കെ.വാസു പറഞ്ഞു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ഇൻക്വസ്റ്റും തുടർനടപടികളുമുണ്ടായതെന്ന ആരോപണത്തിൽ മണിവാസകന്റെയും കാർത്തിക്കിന്റെയും ബന്ധുക്കൾ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് തങ്ങളെന്ന രേഖകൾ ഹാജരാക്കിയാൽ മാത്രമേ മൃതദേഹങ്ങൾ കാണിച്ചുകൊടുക്കൂവെന്ന നിലപാടിലാണ് പോലീസും.അതിനിടെ നാലു മാവോയിസ്റ്റുകളുടേയും പോസ്റ്റുമോർട്ടം നടത്തിയതിന്റെ സ്‌റ്റേറ്റ്‌മെന്റ് ഫോറൻസിക് വിഭാഗം പോലീസിന് കൈമാറി.