കൊച്ചി- ആലപ്പുഴ ചമ്പക്കുളത്ത് 108 ആംബുലന്‍സിന് തീപിടിച്ചപ്പോള്‍ സ്വന്തം ജീവന്‍ വകവെയ്ക്കാതെ രോഗിയെ രക്ഷിച്ച എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സൈഫുദ്ദീന് സ്ഥിരനിയമനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനില്‍ ക്വിളിറ്റി അസിസ്റ്റന്റ് (നഴ്‌സിങ്) എന്ന തസ്തിക സൃഷ്ടിച്ചാണ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ സൈഫുദ്ദീന് സ്ഥിരനിയമനം നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
2018 സെപ്റ്റംബര്‍ അഞ്ചിനാണ് ഓക്‌സിജന്‍ സിലണ്ടര്‍ പൊട്ടിത്തെറിച്ച് 108 ആംബുലന്‍സിന് തീപിടിച്ചത്. പൂര്‍ണമായും തീപ്പിടിച്ച ആംബുലന്‍സില്‍ സൈഫുദ്ദീന്‍ സാഹസികമായി കയറി രോഗിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ രോഗിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അപകടത്തില്‍ സൈഫുദ്ദീന്റെ കൈയ്ക്കും മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. 26 ദിവസത്തിലധികം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജീവിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടുന്ന ബി.എസ് സി നഴ്സിംഗ് ബിരുദധാരിയായ തനിക്ക് ഇക്കാര്യം പരിഗണിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സിംഗ് തസ്തികയില്‍ സ്ഥിരനിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സൈഫുദീന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
സൈഫുദ്ദീന്റെ ആവശ്യം സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ അറിയിച്ചു. ഇക്കാര്യം കേര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം പരിശോധിക്കുകയും പുതിയ തസ്തിക സൃഷ്ടിച്ച് നിയമിക്കുന്ന കാര്യം പരിഗണിക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പുതിയ തസ്തിക സൃഷ്ടിച്ചും നിയമനം നല്‍കിയും ഉത്തരവ് പുറപ്പെടുവിച്ചത്- ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.