മലപ്പുറം- ഇത്തവണത്തെ സന്തോഷ് ട്രോഫിയിൽ കേരളാ ടീമിൽ മലപ്പുറത്തു നിന്ന് ഇടം നേടിയത് മൂന്നു പേർ. മലപ്പുറം സ്വദേശി ജിഷ്ണു ബാലകൃഷ്ണൻ, മഞ്ചേരി സ്വദേശി ഷിഹാദ് നെല്ലിപ്പറമ്പൻ, തിരൂരിൽ നിന്നുള്ള റിഷാദ് എന്നിവരാണ് ഈ ചെറുപ്പക്കാർ. കഴിഞ്ഞ വർഷം നാലുപേരായിരുന്നു മലപ്പുറത്തു നിന്നുള്ള അംഗ സംഖ്യ. ഇത്തവണ മൂന്നിലൊതുങ്ങി. ഇതിൽ ജിഷ്ണു ബാലകൃഷ്ണൻ രണ്ടാം തവണയാണ് സന്തോഷ് ട്രോഫി കളിക്കുന്നത്.
റിഷാദും ഷിഹാദും തുടക്കക്കാരാണ്. മലപ്പുറത്തിനടുത്ത് കാവുങ്ങൽ അരിപ്പറമ്പിൽ ബാലകൃഷ്ണൻ-രതി ദമ്പതികളുടെ മകനാണ് ഇരുപത്തിയെട്ടുകാരനായ ജിഷ്ണു ബാലകൃഷ്ണൻ. മിഡ്ഫീൽഡിൽ കളിച്ചുയർന്ന ജിഷ്ണു ഇപ്പോൾ വിംഗ് ബാക്കിലാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂൾ ടീമിൽ നിന്നാണ് ജിഷ്ണു കളിക്കളത്തിലെത്തിയത്.
സുബ്രതോ കപ്പിലും ജിഷ്ണു കളിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഞ്ചേരി എൻ.എസ.്എസ് കോളേജിലെത്തി. കോളേജിനായി ഒട്ടേറെ മത്സരങ്ങൾ കളിച്ചു. നിലവിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരമാണ്. ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരളാ എഫ്.സിയിൽ ഏതാനും ഐ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മൈതാനത്തിന്റെ പാർശ്വങ്ങളിലൂടെ കുതിച്ചുപായുന്ന ജിഷ്ണു എതിർനിരയിലേക്ക് കൃത്യമായി പന്തെത്തിക്കുന്നതിൽ മിടുക്കനാണ്. അപകടം വിതയ്ക്കുന്ന കോർണർ കിക്കുകളും ജിഷണുവിൽ നിന്നു കാണുന്നു. പോലീസ് സേനയിൽ നിന്ന് വിരമിച്ച ജിഷ്ണുവിന്റെ പിതാവ് ബാലകൃഷ്ണൻ മുൻ ഫുട്‌ബോൾ താരമാണ്. മലപ്പുറം എം.എസ്.പി ടീമിൽ സജീവമായിരുന്നു. ഫുട്‌ബോളുമായി ബന്ധമുള്ള വീട്ടിൽ നിന്നാണ് ജിഷ്ണുവിന്റെ വരവ്. വിഷ്ണു, വൈഷ്ണവ് എന്നിവരാണ് സഹോദരങ്ങൾ. ഇത്തവണ മുൻ വർഷത്തെ അപേക്ഷിച്ച് ഏറെ ദിവസം ക്യാമ്പ് ലഭിച്ചിരുന്നു. ഇതു ഗുണം ചെയ്യുമെന്നാണ് ജിഷ്ണു അഭിപ്രായപ്പെടുന്നത്.
മലപ്പുറത്തു നിന്നുള്ള മറ്റൊരു താരം മഞ്ചേരി കാരക്കുന്നിലെ ഷിഹാദ് നെല്ലിപ്പറമ്പൻ ആണ്. നെല്ലിപ്പറമ്പൻ അബൂബക്കർ-സഫിയ ദമ്പതികളുടെ മൂന്നമാത്തെ മകനാണ് ഷിഹാദ്. ഷഫീക്ക്, സൽമാൻ, ഷഹദ്, ലിയാന എന്നിവരാണ് മറ്റു മക്കൾ. കേരളാ ടീമിൽ മുൻനിരയിലാണ് ഷിഹാദിന്റെ സ്ഥാനം. മൂന്നുവർഷമായി ഗോകുലം കേരളാ എഫ്.സിക്കായി കളിക്കുന്നു. ഇരുപത്തിമൂന്നുകാരനായ ഷിഹാദിന്റെ ആദ്യ സന്തോഷ് ട്രോഫിയാണ് ഇത്തവണ. ഇതിനകം ഒട്ടേറെ ടീമുകളിൽ കളിച്ചിട്ടുള്ള ഷിഹാദിനു പരിചയക്കുറവൊന്നുമില്ല. സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഷിഹാദ് കളിക്കളത്തിലെത്തിയത്. മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ് ടീമിലൂടെയാണ് ഷിഹാദിന്റെയും വരവ്. സുബ്രതോ കപ്പിൽ കളിച്ചിട്ടുണ്ട്.
മഞ്ചേരി എൻ.എസ്.എസ് കോളേജിലായിരുന്നു പിന്നീട് പഠനം. കൊൽക്കത്ത യുനൈറ്റഡ് സ്‌പോർട്‌സ് ക്ലബിലൂടെ സെക്കൻഡ് ഡിവിഷൻ ലീഗിലും കളിച്ചിട്ടുണ്ട്. മുൻനിരയിൽ ചടുലമായ നീക്കങ്ങൾ നടത്താൻ കഴിവുള്ള താരമാണ് ഷിഹാദ്. എഫ്.സി കേരളയുടെ തൃശൂർക്കാരൻ മൗസൂഫ് നിസാൻ ആണ് ഷിഹാദിനൊപ്പം മുൻനിരയിൽ കളിക്കുക.
മൂന്നാമത്തെ മലപ്പുറത്തുകാരൻ സാറ്റ് തിരൂരിന്റെ (സ്‌പോർട്‌സ് അക്കാഡമി തിരൂർ) റിഷാദ് ആണ്. തിരൂർ പറവണ്ണ പഴയപുത്തൻവീട്ടിൽ മുഹമ്മദ് കുട്ടി-ലൈല ദമ്പതികളുടെ മകനാണ് റിഷാദ്. മധ്യനിരയിലാണ് റിഷാദ് കളിക്കുന്നത്. ആദ്യവട്ടമാണ് സന്തോഷ് ട്രോഫി കളിക്കുന്നത്. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലൂടെയാണ് റിഷാദ് രംഗപ്രവേശനം ചെയ്യുന്നത്. പ്ലസ് ടുവിനു ശേഷം കളിമൈതാനത്തേക്ക് റിഷാദ് എത്തിച്ചേരുകയായിരുന്നു.
ഇരുപത്തിനാല് വയസ്സുള്ള റിഷാദ് ഇതിനകം ഒട്ടേറെ ടീമുകളിൽ പന്തുതട്ടി. ഡി.എസ്.കെ ശിവാജിയൻസ്, മുംബൈ എഫ്.സി അണ്ടർ-19, ഫിഫ കൊളോബോ മുംബൈ തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. തുടർന്ന് ഡൽഹി യുനൈറ്റഡിലെത്തി. മിനർവ പഞ്ചാബിലും കൊൽക്കത്ത മോഹൻ ബഗാനിലും ഏതാനും മാസങ്ങൾ കളിച്ചു. പിന്നീട് നാട്ടിലെ സാറ്റ് തിരൂരിലുമെത്തി. മധ്യനിരയിൽ കളിമെനയുന്നതിൽ മിടുക്കനാണ് റിഷാദ്. സന്തോഷ് ട്രോഫി പുതിയ അനുഭവമായിരിക്കുമെന്ന് റിഷാദ് പറയുന്നു. ഇത്തവണത്തെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ ജനുവരി പത്തുമുതൽ മിസോറാമിലെ ഐസോളിലാണ് നടക്കുന്നത്.