Sorry, you need to enable JavaScript to visit this website.

പ്രവാസി പെൻഷൻ വർധിപ്പിക്കുന്ന കാര്യം പരിഗണനയിൽ -മുഖ്യമന്ത്രി

തിരുവനന്തപുരം- പ്രവാസികളുടെ പെൻഷൻ വർധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 
2019 ലെ പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവിലുള്ള 2000 രൂപ വർധിപ്പിക്കണമെന്ന തീരുമാനമാണ് സർക്കാരിനുള്ളത്. 
പ്രവാസി മലയാളികളിൽ നിന്ന് മൂന്ന് ലക്ഷം മുതൽ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ സ്വീകരിച്ച് അത് സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്ക് കൈമാറി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് പദ്ധതി. കിഫ്ബിയാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള ഏജൻസി. പ്രവാസി കേരളീയ ക്ഷേമ ബോർഡ് നിക്ഷേപങ്ങൾ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. രണ്ട് കോടി രൂപ ഇതിനായി ഇപ്പോൾ വകയിരുത്തിയിട്ടുണ്ട്. നവംബർ പകുതിയോടെ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. നിയമസഭയിൽ 2019 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാനാണ് ഏഴ് ജില്ലകളിൽ കേന്ദ്രീകൃത ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള നിയമ ഭേദഗതി കൊണ്ടുവരുന്നത്. മറ്റ് ആവശ്യങ്ങൾക്ക് ഈ നിയമ ഭേദഗതി പ്രകാരം ഭൂമി ഏറ്റെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. 
തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള 'വേസ്റ്റ് ടു എനർജി' പദ്ധതി നടപ്പാക്കുന്നത്. തൃശൂരിൽ പുതിയ ഭൂമി കണ്ടെത്തി. കോഴിക്കോട്ട് പദ്ധതിക്ക് കരാറായി. 
കൊച്ചി കോർപറേഷൻ ബ്രഹ്മപുരത്ത് നടപ്പാക്കുന്ന പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചു. ഈ രണ്ട് പദ്ധതികൾ നടപ്പാകുന്നതോടെ മറ്റിടങ്ങളിലെ എതിർപ്പ് ഇല്ലാതാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
അംശാദായം വർധിപ്പിച്ചു കൊണ്ട് ക്ഷേമനിധി ആനുകൂല്യങ്ങൾ കൂട്ടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് തൊഴിൽ, നൈപുണ്യവകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.
കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് പണം കണ്ടെത്താനായി ആഭരണ വിറ്റുവരവിന്റെ 0.25 ശതമാനം സെസ് 0.1 ശതമാനമാക്കി ഭേദഗതി ചെയ്തുള്ള ബിൽ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. 10 ലക്ഷത്തിൽ കൂടുതൽ വിൽപന നടക്കുന്ന ആഭരണ വ്യാപാരികൾ മാത്രം സെസ് നൽകിയാൽ മതിയെന്നാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. 
ആഭരണ തൊഴിലാളി മേഖലയിൽ 328 പേർക്ക് 1200 രൂപ വീതം പെൻഷൻ നൽകുന്നുണ്ട്. എല്ലാ തൊഴിലാളി സംഘടനകളുമായും ചർച്ച ചെയ്താണ് തൊഴിൽ നയത്തിന് രൂപം കൊടുത്തത്. ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച മൂന്നു ബില്ലുകളും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.

 

Latest News