റിയാദ് - ഊർജ ഉപയോഗം കുറക്കുന്നതിന് ആയിരക്കണക്കിന് സർക്കാർ കെട്ടിടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ഊർജ മേഖലയിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പ്രതിദിനം ഒരു കോടിയിലേറെ ബാരൽ എണ്ണ സൗദി അറേബ്യ ഉൽപാദിപ്പിക്കുന്നു. സൗദിയിൽ 267 ബില്യൺ ബാരൽ എണ്ണ ശേഖരമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതി വാതകം ഉൽപാദിപ്പിക്കുന്ന പത്തു രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ട 9000 ബില്യൺ ഘന അടി പ്രകൃതി വാതക ശേഖരമുണ്ട്.
സുസ്ഥിര വളർച്ച ലക്ഷ്യമിട്ട് ലോ കാർബൺ സർക്കിൾ ഇക്കോണമി ആശയം സൗദി അറേബ്യ മുന്നോട്ടു വെക്കുന്നു. ബഹിർഗമനം കുറക്കൽ, പുനരുപയോഗം, പുനഃചംക്രമണം, ഇല്ലാതാക്കൽ എന്നീ നാലു തന്ത്രങ്ങളിലൂടെ എല്ലാ മേഖലകളിൽ നിന്നുമുള്ള കാർബൺ ബഹിർഗമനത്തിനും ആഗോള താപനത്തിന് കാരണമായ മറ്റെല്ലാ വാതകങ്ങളുടെ ബഹിർഗമനത്തിനും പരിഹാരം കാണുന്നതിനുള്ള ചട്ടക്കൂടാണിത്. അന്തരീക്ഷത്തിൽ കാർബൺ അടിഞ്ഞുകൂടുന്നതിന് തടയിടുന്നതോടൊപ്പം ആഗോള സാമ്പത്തിക വളർച്ച എളുപ്പമക്കുന്ന എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പ്രോത്സാഹിപ്പിക്കുന്നു.
പുനരുപയോഗ ഊർജത്തിലൂടെ കാർബൺ ബഹിർഗമനം കുറക്കുന്നതിനും പുനരുപയോഗ ഊർജ സ്രോതസ്സുകൾക്കും ചെലവുകൾക്കുമിടയിൽ സന്തുലനമുണ്ടാക്കുന്നതിനും ലോകത്തിന് സാധിക്കില്ല. കാർബൺ ബഹിർഗമനം ഇല്ലാതാക്കൽ ദുഷ്‌കരമായ വ്യവസായം, ഗതാഗതം, ചൂടാക്കൽ പോലുള്ള മേഖലകളിൽ വലിയ തോതിൽ ഊർജം ഉപയോഗിക്കുന്നുണ്ട്. കാർബൺ ബഹിർഗമന മേഖലയിൽ സന്തുലനമുണ്ടാക്കുന്നതിന് ഫോസിൽ ഇന്ധനവും അനിവാര്യമാണ്. എന്നാൽ ഈ ഇന്ധനത്തിൽ നിന്നുള്ള കാർബൺ ബഹിർഗമനം നിയന്ത്രിക്കേണ്ടതുണ്ട്.
പുനരുപയോഗ ഊർജ, ഊർജ കാര്യക്ഷമതാ മേഖലകളിൽ സൗദി അറേബ്യ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഊർജ സംവിധാനം സമഗ്രമായി പരിഷ്‌കരിക്കുന്നുമുണ്ട്.
വൈദ്യുതി ഉൽപാദനത്തിന് അസംസൃത എണ്ണ അടക്കമുള്ള ദ്രവീകൃത വാതകങ്ങളുടെ ഉപയോഗം അവസാനിപ്പിക്കൽ, സ്മാർട്ട് വൈദ്യുതി മീറ്ററുകൾ ഉപയോഗിക്കൽ അടക്കമുള്ള പദ്ധതികളിലൂടെ ഊർജ കാര്യക്ഷമത ഉയർത്തുന്നതിന് ലക്ഷ്യമിട്ട് വൈദ്യുതി മേഖല പുനഃസംഘടിപ്പിച്ചുവരികയാണ്.
വ്യവസായ, നിർമാണ, ഗതാഗത മേഖലകളിൽ ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്നുണ്ട്. രാജ്യത്ത് ഊർജ ഉപയോഗത്തിന്റെ 94 ശതമാനവും ഈ മേഖലകളിലാണ്. സൗദി ഊർജ കാര്യക്ഷമതാ പ്രോഗ്രാം ആരംഭിച്ച ശേഷം ഊർജ ഉപയോഗം എട്ടു ശതമാനം തോതിൽ കുറക്കുന്നതിന് സാധിച്ചിട്ടുണ്ട്.
പെട്രോകെമിക്കൽസ് മേഖലയിൽ മൂന്നു ശതമാനവും ഉരുക്കു വ്യവസായ മേഖലയിൽ രണ്ടു ശതമാനവും ഊർജ ഉപയോഗം കുറഞ്ഞു. വാഹനങ്ങളിൽ ഇന്ധന ഉപയോഗ കാര്യക്ഷമത 11 ശതമാനവും എയർ കണ്ടീഷനറുകളുടെ കാര്യക്ഷമത 57 ശതമാനം തോതിലും മെച്ചപ്പെട്ടു.
ഊർജ കാര്യക്ഷമതാ പദ്ധതികൾ നടപ്പാക്കുന്നതിന് നാഷണൽ എനർജി സർവീസസ് കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഊർജ സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച് ആയിരക്കണക്കിന് സർക്കാർ കെട്ടിടങ്ങളിലും പത്തു ലക്ഷം തെരുവുവിളക്കു കാലിലും ഊർജ കാര്യക്ഷമതാ വ്യവസ്ഥകൾക്കനുസരിച്ച മാറ്റങ്ങൾ വരുത്തുന്നതിന് കമ്പനി മേൽനോട്ടം വഹിച്ചുവരികയാണ്.
2016 മുതൽ ഊർജ നിരക്കുകൾ പരിഷ്‌കരിക്കുന്ന മേഖലയിൽ സൗദി അറേബ്യ സുധീരമായ ചുവടുവവെപ്പുകൾ നടത്തി. ഊർജ ഉപയോഗം മിതമാക്കുന്നതിന് പ്രേരിപ്പിക്കുന്നതോടൊപ്പം തന്നെ സുസ്ഥിര സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുന്ന പരിഷ്‌കരണ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഈ മേഖലയിൽ നടത്തുന്ന ശ്രമങ്ങളിലൂടെ 2030 ഓടെ പ്രതിദിന എണ്ണ ഉപയോഗത്തിൽ 20 ലക്ഷം ബാരലിന്റെ കുറവുണ്ടാക്കുന്നതിന് സാധിക്കുമെന്നാണ് കരുതുന്നത്.
കാർബൺ സംഭരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ലോകത്തെ ഏറ്റവും വലിയ ഫാക്ടറി സൗദിയിലുണ്ട്. പ്രതിവർഷം അഞ്ചു ലക്ഷം ടൺ കാർബൺഡയോക്‌സൈഡ് രാസവളവും മെത്തനോളും പോലുള്ള ഉപകാരപ്രദമായ ഉൽപന്നങ്ങളായി ഫാക്ടറി പരിവർത്തിപ്പിക്കുന്നു. കാർബൺഡയോക്‌സൈഡ് വേർതിരിച്ചെടുക്കുന്നതിനുള്ള മേഖലയിലെ ഏറ്റവും നൂതനമായ പ്ലാന്റും സൗദിയിലുണ്ട്. പ്രതിവർഷം എട്ടു ലക്ഷം ടൺ കാർബൺഡയോക്‌സൈഡ് ഈ പ്ലാന്റ് വേർതിരിച്ചെടുത്ത് സംഭരിക്കുന്നു. കാർബൺ സംഭരിക്കുന്നതിനും പ്രയോജനപ്രദമായ മേഖലകളിൽ ഉപയോഗിക്കുന്നതിനും കൂടുതൽ പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സൗദി അറേബ്യക്ക് പദ്ധതിയുണ്ട്.
കാർബൺ ഉപയോഗം, ഇതുമായി ബന്ധപ്പെട്ട നിയമ നിർമാണം, ക്രമീകരണം എന്നിവ അടുത്ത വർഷം റിയാദിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ സൗദി അറേബ്യ അവതരിപ്പിക്കുമെന്നും ഇക്കാര്യത്തിൽ സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന പദ്ധതികൾ ഉച്ചകോടി അംഗീകരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.