അബുദാബി- നേരിട്ടുള്ള വിദേശ നിക്ഷേപ സുതാര്യതാ സൂചികയില്‍ അബുദാബിക്ക് നേട്ടം. സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെ സാമ്പത്തിക വികസന വകുപ്പിലെ ഗവേഷണ വിഭാഗം നടത്തിയ സര്‍വേയില്‍ 100ല്‍ 73.8 പോയിന്റ് നേടിയാണ് അബുദാബി നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുത്തത്.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന സുതാര്യ നയങ്ങളാണ് അബുദാബിക്ക് ഗുണകരമായത്. രണ്ട് വര്‍ഷത്തേക്കു ലൈസന്‍സ് ഫീസ് ഇളവ് ഉള്‍പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളും വിദേശ നിക്ഷേപകരെ എമിറേറ്റിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി വിലയിരുത്തുന്നു. ബിസിനസ് തുടങ്ങാനാവശ്യമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും സേവനം മെച്ചപ്പെടുത്തിയതും ഗുണകരമായി.
വിദേശ നിക്ഷേപം പ്രാദേശിക സാമ്പത്തിക മേഖലക്കു കരുത്തുപകര്‍ന്നതായി സാമ്പത്തിക വികസന വിഭാഗം ചെയര്‍മാന്‍ സെയ്ഫ് മുഹമ്മദ് അല്‍ ഹാജിരി പറഞ്ഞു.