ഷാര്‍ജ പുസ്തകമേളക്ക് സമാരംഭം

ഷാര്‍ജ- രണ്ടായിരത്തിലധികം പ്രസാധകരും ലക്ഷക്കണക്കിന് പുസ്തകങ്ങളുമായി ഷാര്‍ജ പുസ്തകോത്സവത്തിന് ആരംഭമായി.  38–ാം ഷാര്‍ജ രാജ്യാന്തര പുസ്തകമേള അല്‍ താവൂനിലെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്.  തുര്‍ക്കി നോവലിസ്റ്റും നൊബേല്‍ ജേതാവുമായ ഒര്‍ഹാന്‍ പാമുക്, അമേരിക്കന്‍ നടന്‍ സ്റ്റീവ് ഹാര്‍വേ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലബനീസ് എഴുത്തുകാരിയും നിരൂപകയുമായ ഡോ.യുംനാ അല്‍ ഈദ് ആണ് ഇപ്രാവശ്യത്തെ സാംസ്‌കാരിക വ്യക്തിത്വം.
മേളയില്‍ മലയാളം, തമിഴ് ഭാഷകളിലുള്ള 230 ലേറെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ തുടര്‍ച്ചയായ പുസ്തകപ്രകാശനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി  പ്രത്യേകവേദി റൈറ്റേഴ്‌സ് ഫോറം ഇന്ത്യന്‍ പവലിയന്‍ സ്ഥിതി ചെയ്യുന്ന ഹാള്‍ നമ്പര്‍ ഏഴില്‍ ഇപ്രാവശ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
11 ദിവസം നീളുന്ന മേളയില്‍ ഇന്ത്യയടക്കം 81 രാജ്യങ്ങളില്‍നിന്ന് പ്രസാധകരെത്തുന്നുണ്ട്. നൂറ്റമ്പതോളം ഇന്ത്യന്‍ പ്രസാധകരാണ് ഈ വര്‍ഷം പുസ്തകമേളക്കെത്തിയിട്ടുള്ളത്. നൊബേല്‍ സമ്മാനജേതാവ് ഓര്‍ഹാന്‍ പാമുക് പങ്കെടുക്കുന്ന പ്രഭാഷണ പരിപാടിയാണ് ഉദ്ഘാടന ദിനത്തിലെ മുഖ്യ ആകര്‍ഷണം. വായനക്കാരുമായി അദ്ദേഹം സംവദിക്കും.

 

Latest News