തിരുവനന്തപുരം- പട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ടിനു നേരെ മാവോയിസ്റ്റുകൾ വെടിവെയ്ക്കുകയായിരുന്നുവെന്നും സ്വയരക്ഷക്കു വേണ്ടിയാണ് തിരിച്ചു വെടിയുതിർത്തതെന്നും അതിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി. നിയമസഭയിലാണ് അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്. എ.കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വിഷയത്തിൽ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും സഭ നിർത്തിവെയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിരോധിത സംഘടനയിൽ പെട്ടവരെ എല്ലാം വെടിവെച്ചു കൊല്ലൽ സർക്കാർ നയം അല്ല. മാവോയിസ്റ്റുകൾക്ക് വല്ലാത്ത പരിവേഷം ചാർത്തരുത്. മാവോയിസ്റ്റുകൾ എന്നാൽ 'അയ്യാ അൽപ്പം അരി താ' എന്നു പറയുന്നവർ മാത്രം അല്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വനമേഖലയിലേക്ക് പോയപ്പോൾ വീണ്ടും മാവോയിസ്റ്റുകൾ വെടിയുതിർത്തു. കോടതി നിർദ്ദേശം സ്വീകരിച്ച്, ഇത്തരം സംഭവങ്ങളിൽ അനുശാസിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കുന്നുണ്ട്. െ്രെകംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻ ഷംസുദ്ദീനാണ് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. പൊലീസിന് പരിക്കേൽക്കാത്തതിൽ ഷംസുദ്ദീന് പരിഭവമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുകയും ചെഗുവേരക്കു ജയ് വിളിക്കുകയും ചെയ്യുന്നവർ ആണ് ഇടതപക്ഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.