Sorry, you need to enable JavaScript to visit this website.

അഗളി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടവർ കീഴടങ്ങാൻ തയ്യാറായിരുന്നവരെന്ന് വെളിപ്പെടുത്തൽ

പാലക്കാട്- അട്ടപ്പാടിയിൽ തണ്ടർബോൾട്ട് സംഘവും മാവോവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. തൃശൂർ മെഡിക്കൽ കോളെജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. കൊല്ലപ്പെട്ട രമയുടെ ശരീരത്തിൽനിന്നും അഞ്ച് വെടിയുണ്ടകൾ കണ്ടെത്തി. തലയിലും വെടിയേറ്റിരുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മുറിവേറ്റതിന്റെ നിരവധി പാടുകളുണ്ട്. അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായിരുന്നെന്ന് ആദിവാസി പ്രവർത്തകയും മധ്യസ്ഥയുമായ ശിവാനി വെളിപ്പെടുത്തി. മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറാണെന്ന് ആദിവാസി പ്രവർത്തകർ മുഖേന പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാൽ കീഴടങ്ങൽ ധാരണ തെറ്റിച്ചത് പോലീസാണെന്നും ശിവാനി പറഞ്ഞു. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും ശിവാനി ചോദ്യം ചെയ്തു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെങ്കിൽ പോലീസുകാർക്ക് എന്തുകൊണ്ട് പരിക്കേറ്റില്ലെന്നും ശിവാനി ചോദിച്ചു. മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായിരുന്നുവെന്നും ഇതിനുള്ള ചർച്ചകൾ നടന്നിരുന്നുവെന്നും അവർ വ്യക്തമാക്കി. മുൻ എ.എസ്.പി നവനീത്, മാവോയിസ്റ്റുകളുമായി അടുത്ത് ഇടപഴകുന്ന ആദിവാസി വിഭാഗത്തിൽപ്പെടുന്ന ആളുമായി ചർച്ച നടത്തിയിരുന്നു. അവരെ എങ്ങനെയെങ്കിലും സറണ്ടർ ചെയ്യിക്കാനും പുനരധിവസിപ്പിക്കാനുമായിട്ടുള്ള സംവിധാനം ഒരുക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. പലരുമായും കൂടിക്കാഴ്ച നടത്തി. എന്നാൽ അത് ധാരണയിലെത്തുന്നതിന് മുൻപ് നവനീതിനെ സ്ഥലംമാറ്റി. അതിന് പിന്നാലെയാണ് ഈ നടപടി. ഏറ്റുമുട്ടലിനൊന്നും അവർക്ക് കഴിയില്ലായിരുന്നു. കൊല്ലപ്പെട്ട മണിവാസവം തീരെ സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. നേരത്തെ തന്നെ മണിവാസവം സറണ്ടർ ആവാൻ തങ്ങൾ തയ്യാറാണെന്ന നിലപാട് എടുത്തിരുന്നു. മാത്രമല്ല പോലീസും അവരോട് പറഞ്ഞത് സറണ്ടർ ആവുകയാണെങ്കിൽ പുനരധിവാസം ഏർപ്പെടുത്താമെന്ന് വാഗ്ദാനം നൽകിയിരുന്നതാണ്. 
അട്ടപ്പാടിയിലെ പോലീസ് നടപടിയിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.  ഇതിനിടെ തിങ്കളാഴ്ച കൊല്ലപ്പെട്ടവരുടെ പേരുവിവരത്തിൽ കർണ്ണാടകത്തിൽ നിന്നെത്തിയ ആന്റി നക്‌സൽ സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കർണ്ണാടക സ്വദേശികളായ ശ്രീമതി, സുരേഷ് എന്നിവരും തമിഴ്‌നാട് സ്വദേശി കാർത്തിയുമാണ് മരിച്ചത് എന്നാണ് തണ്ടർബോൾട്ട് ഔദ്യോഗികമായി അറിയിച്ചിരുന്നത്. മരിച്ചത് ശ്രീമതിയും സുരേഷുമല്ല തമിഴ്‌നാട് സ്വദേശികളായ രമയും അരവിന്ദും ആണ് എന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണസംഘം.
തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിലാണോ ഇന്നലെയുണ്ടായ വെടിവെയ്പിലാണോ മണിവാസകം മരിച്ചത് എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. തിങ്കളാഴ്ച മറ്റ് മൂന്നു പേർ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനിടയിൽ മണിവാസകത്തിനും വെടിയേറ്റതായി സൂചന ലഭിച്ചിരുന്നു. അതേസമയം ഇന്നലെയും കാട്ടിൽ  വെടിവെപ്പുണ്ടായി. തിങ്കളാഴ്ച കൊല്ലപ്പെട്ടവരുടെ ശരീരങ്ങളുടെ ഇൻക്വസ്റ്റിനായി ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം കാട്ടിൽ കയറിയതിനു പിറകേയാണ് വെടിയൊച്ച മുഴങ്ങിയത്. തണ്ടർബോൾട്ട് സംഘം തിരിച്ചും വെടിവെച്ചു. ഏറ്റുമുട്ടലിന്റെ സ്ഥലത്ത് നിന്ന് ഇൻക്വസ്റ്റിനെത്തിയ ഉദ്യോഗസ്ഥരെ മാറ്റാൻ അൽപ്പം വെപ്രാളപ്പെടേണ്ടി വന്നു. മാവോവാദികൾ മൂന്നു തവണ വെടിയുതിർത്തുവെന്ന് അധികൃതർ അറിയിച്ചു. രംഗം ശാന്തമാകാൻ ഒരു മണിക്കൂറിലധികം കാത്തതിനു ശേഷമാണ് ഇൻക്വസ്റ്റ് നടത്താനെത്തിയവർ വീണ്ടും കാട്ടിൽ കയറിയത്. സ്ത്രീയുടെ തലക്ക് പിൻഭാഗത്താണ് വെടിയേറ്റിരിക്കുന്നത്. ഒരാൾക്ക് നെറ്റിയിലാണ് മുറിവ്. മറ്റു രണ്ടു പേർക്കും രണ്ടു വീതം വെടിയേറ്റിട്ടുണ്ട്. അഞ്ച് തോക്കുകൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.
ഒറ്റപ്പാലം സബ്കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു. കാടിനുള്ളിൽ മാവോവാദികൾ വീണ്ടും സംഘടിക്കുകയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ ഊർജ്ജിതമാക്കി. നിലമ്പൂർ മേഖലയിൽ നിന്ന് ഇന്നലെയും തിങ്കളാഴ്ചയുമായി ഒരു സംഘം മാവോവാദികൾ അട്ടപ്പാടിയിലെത്തിയിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനിടെ തിങ്കളാഴ്ച മരിച്ച കാർത്തിയുടെ പിതാവ് മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പാലക്കാട് എസ്.പിക്ക് നിവേദനം നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് പാലക്കാടെത്തിയാണ് അപേക്ഷ നൽകിയത്.
ഏറ്റുമുട്ടലിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കൂടുതൽ വ്യക്തികളും സംഘടനകളും രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടലല്ല, നിഷ്ഠുരമായ കൊലപാതകമാണെന്ന് ആദ്യകാല നക്‌സലൈറ്റും പോരാട്ടം എന്ന സംഘടനയുടെ നേതാവുമായ മുണ്ടൂർ രാവുണ്ണി ആരോപിച്ചു. സംഭവത്തെക്കുറിച്ച് മനസ്സിലാക്കാൻ മനുഷ്യാവകാശപ്രവർത്തകരുടെ സംഘം അട്ടപ്പാടി സന്ദർശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാവോവാദി വേട്ടയുടെ പേരിൽ പോലീസും സർക്കാരും അട്ടപ്പാടിയിൽ ഭീകരാന്തരീക്ഷം വിതക്കുകയാണ് എന്നാണ് സർക്കാരിനെ വിമർശിക്കുന്നവരുടെ നിരീക്ഷണം. എന്നാൽ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് ആളുകളെ കടത്തിവിടാൻ സമയമായിട്ടില്ലെന്ന നിലപാടിലാണ് തണ്ടർബോൾട്ട്. കാട്ടിൽ ഇപ്പോഴും മാവോവാദികൾ ഉണ്ടെന്നും ഏതുസമയത്തും വീണ്ടും വെടിവെപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. സ്ഥിതി നിയന്ത്രണ വിധേയമായിട്ടേ മാധ്യമ പ്രവർത്തകരേയും അങ്ങോട്ട് കടത്തി വിടുകയുള്ളൂവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

Latest News