Sorry, you need to enable JavaScript to visit this website.

ശവത്തിൽ കുത്തുന്നില്ല; സുനിതാ ദേവദാസിനെ ട്രോളി ഫിറോസ് കുന്നംപറമ്പിൽ

ദുബായ്- ചാരിറ്റി പ്രവർത്തനത്തിൽ നേരത്തെ തനിക്കെതിരെ അപവാദം ഉന്നയിച്ച സുനിത ദേവദാസിനെ ട്രോളി ഫിറോസ് കുന്നംപറമ്പിൽ. ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ, രോഗിയല്ലാത്ത ഒരാൾക്ക് വേണ്ടി പണം പിരിച്ച് വെട്ടിലായ സുനിതാ ദേവദാസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സങ്കടമുണ്ടെന്നും ശവത്തിൽ കുത്തുന്നില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കി. ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ ഒരു രോഗവുമില്ലാത്ത ആൾക്കുവേണ്ടിയാണ് സുനിത ദേവദാസ് പണം പിരിച്ചതെന്നും തനിക്കെതിരെ പറഞ്ഞ മുഴുവൻ കാര്യങ്ങളും അവർക്ക് തന്നെ തിരിച്ചടിച്ചുവെന്നും ഫിറോസ് വ്യക്തമാക്കി. നന്മക്കെതിരെ വാളെടുത്ത എല്ലാവർക്കും ഈ ഭൂമിയിൽ തന്നെ അതിന് ദൈവം മറുപടി നൽകും. നൂറു കണക്കിനാളുകൾക്ക് കാരുണ്യമെത്തിക്കുന്നുണ്ട്. എന്നാൽ ഇക്കാലം വരെ അതിലൊരു പാളിച്ച ചൂണ്ടിക്കാണിക്കാൻ ആർക്കുമായിട്ടില്ല. സുനിതാ ദേവദാസ് ആദ്യം തന്നെ നടത്തിയ ചാരിറ്റി പ്രവർത്തനം ലോക തോൽവിയായി. ഇക്കാര്യത്തിൽ ഇനി എന്ത് പറയാനാണ്. എനിക്കെതിരെ പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു. അതിനെതിരെ ആക്ഷേപം ഉന്നയിച്ച സുനിതാ ദേവദാസ് ഇപ്പോൾ പറയുന്നത് കേസ് കൊടുക്കാനാണ്. ശവത്തിൽ കുത്താനില്ലെന്നും എല്ലാം നല്ല രീതിയിൽ പരിഹരിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മ ചെയ്യാൻ മുന്നോട്ടുവരുന്ന എല്ലാവരെയും പിന്തുണക്കണമെന്നും ഫിറോസ് അഭ്യർത്ഥിച്ചു. 
കാൻസർ രോഗിയാണെന്ന് അവകാശപ്പെട്ട് ശ്രീമോൾ മാരാരി എന്ന യുവതിക്ക് വേണ്ടി സുനിതാ ദേവദാസ് പണപ്പിരിവ് നടത്തിയത് വിവാദമായിരുന്നു. ശ്രീമോൾ വ്യാജ കാൻസർ രോഗിയാണെന്നും ഇവർക്ക് അസുഖമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയർന്നത്. നേരത്തെ ഫിറോസ് കുന്നുംപറമ്പിലിന്റെ ചാരിറ്റി പ്രവർത്തനത്തെ സുനിതാ ദേവദാസ് അടക്കമുള്ളവർ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സുനിത ദേവദാസിന് പറ്റിയ പാളിച്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുണ്ടാക്കിയിട്ടുണ്ട്.

സുനിത ദേവദാസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ശ്രീമോൾ മാരാരിയെക്കുറിച്ച് എനിക്ക് അറിയാവുന്നത് :

സ്ത്രീകൾ മാത്രമുള്ള വിവിധ സ്ത്രീ കൂട്ടായ്മകൾ ഉണ്ട്. അതിലുള്ള മനുഷ്യരിൽ രണ്ടു പേരാണ് ഞാനും ശ്രീമോളും ( വേറെയും ധാരാളം സ്ത്രീകൾ അതിലൊക്കെയുണ്ട്)
അവിടെ ശ്രീമോൾ നിരന്തരം കാൻസർ എന്നും കീമോ എന്നും നാലു സർജറി കഴിഞ്ഞു എന്നും കുട്ടികൾ ഇല്ല എന്നും പറഞ്ഞു പോസ്റ്റ് ഇടുമായിരുന്നു. പൈസയില്ലെന്നു പറയും. വെല്ലൂർ പോകണം എന്ന് പറയും. കോമയിലാണ് അഡ്മിറ്റ് ആണ് എന്ന് പറയും.
അത് വിശ്വസിച്ചു പലരും ഇവളെ കാലങ്ങളായി സാമ്പത്തികമായി സഹായിച്ചു വന്നു.

ഇക്കഴിഞ്ഞ ജൂലായിൽ അവളുടെ കൂടെ താമസമുള്ള ഒരു മനുഷ്യൻ അവളെ ഉപേക്ഷിച്ചു , ജീവിക്കാൻ നിവൃത്തിയില്ല എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടു.
സ്ത്രീകൾ ആശ്വസിപ്പിച്ചു. പണം നൽകി.
ഇപ്പോ കുറച്ചു ദിവസം മുൻപ് രോഗം കഠിനമാണെന്നും അവസാന സ്റ്റേജ് ആണെന്നും ലേക്‌ഷോറിൽ ഹൈ ഡോസ് ആറു കീമോ വേണം അത് കഴിഞ്ഞയുടൻ വെല്ലൂരിൽ സർജറി വേണം എന്ന് നിലവിളിയായി. ഗ്രൂപ്പിലെ പല സ്ത്രീകളും നേരിട്ട് പോയി. കണ്ടു . ആശ്വസിപ്പിച്ചു.
അത് വിശ്വസിച്ച പലരും പണം നൽകി. ചിലർ ധനസഹായം ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടു.

അതിനിടെ, ക്യാന്സര് രോഗികളുടെ ഗ്രൂപ്പായ 'അതിജീവനം വീ ക്യാൻ' ഗ്രൂപ്പിൽ ഒരു കൊല്ലമായി കാൻസർ രോഗിയായി അഭിനയിച്ചു ഇരിക്കുന്നുണ്ടായിരുന്നു.അവിടെയുള്ള, രോഗത്തിന്റെ ഭീകരാവസ്ഥ അറിയാവുന്നവർ ശ്രീമോളെ സപ്പോർട്ട് ചെയ്തതോടെ സർജറിക്കായി പണം പിരിക്കുവാനും പണം നൽകാനും കൂടുതൽ പേര് മുന്നോട്ട് വന്നു.

ഈ പോസ്റ്റുകൾ കണ്ട ഞാൻ ശ്രീമോളോട് കാര്യം എന്താണെന്നു ചോദിച്ചു.
അസുഖം വളരെ കൂടുതൽ ആണെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞു. മുൻപ് നാലു സർജറി കഴിഞ്ഞതാണ്.
ഇപ്പോ ഉടൻ വെള്ളി മുതൽ ആറു കീമോ തുടങ്ങണം അത് കഴിഞ്ഞയുടൻ വെല്ലൂരിൽ സർജറി വേണം എന്ന് പറഞ്ഞു.

പൈസ എത്ര ചെലവ് വരും എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ഒരു കീമോക്ക് 32000 വച്ച് ആറു കീമോ. സർജറി കഴിഞ്ഞ തവണ ചെയ്തപ്പോൾ 286000 ആയി. ഇത്തവണയും അത്ര ആവും എന്നാണ്.

ദയ തോന്നിയ ഞാൻ ആരോ തയ്യാറാക്കിയ പോസ്റ്റ് ഒന്നെഡിറ്റ് ചെയ്തു ഷെയർ ചെയ്തു.
നമ്മളൊക്കെ പണം നൽകി.
ഇത്രയുമാണ് എനിക്ക് അറിയാവുന്നത്

അവൾ ചികിത്സ ഡോക്കുമെന്റുകൾ തന്നിരുന്നു. അതിൽ ചിലതിൽ കാൻസർ ഉണ്ടെന്നുണ്ടായിരുന്നു. ഞാൻ ചില ഡോക്ടർമാരെ കാണിച്ചിരുന്നു.
എന്നാൽ ഇപ്പോ ആളുകൾ പറഞ്ഞു കേൾക്കുന്നത് ആ ചികിത്സ പേപ്പറൊക്കെ മറ്റാരുടേതോ ആയിരുന്നെന്നാണ്.
ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും തലമുടി കീമോ ചെയ്തു പോയതല്ലെന്നും മൊട്ടയടിച്ചതാണെന്നും കേൾക്കുന്നു.
ബാക്കി വിവരങ്ങൾ ആലപ്പുഴക്കാരും മാരാരിക്കുളംകാരും കണ്ടു പിടിക്കും എന്ന് കരുതുന്നു.
നന്ദി
സ്നേഹം
ശ്രീമോൾക്ക് പ്രത്യേകം നന്ദി..
സുനിത ദേവദാസ്

 

Latest News