റിയാദ് - ഇന്ത്യ-സൗദി ബന്ധവും സഹകരണവും പുതിയ വിഹായസ്സിലേക്ക് ഉയർത്തി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചർച്ച നടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. സൽമാൻ രാജാവ് ഒരുക്കിയ ഉച്ചവിരുന്നിലും നരേന്ദ്ര മോഡിയും സംഘവും പങ്കെടുത്തു.
റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, രഹസ്യാന്വേഷണ ഏജൻസി ഉപമേധാവി ബന്ദർ ബിൻ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രിയും രാജാവിന്റെ ഉപദേഷ്ടാവുമായ ഡോ. മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, സൽമാൻ രാജാവിന്റെ ഉപദേഷ്ടാക്കളായ മുഹമ്മദ് ബിൻ നവാഫ് രാജകുമാരൻ, ഡോ. അബ്ദുൽ അസീസ് ബിൻ സത്താം രാജകുമാരൻ, റോയൽ കോർട്ട് ഉപദേഷ്ടാവ് ഡോ. തുർക്കി ബിൻ സൗദ് ബിൻ മുഹമ്മദ് രാജകുമാരൻ തുടങ്ങി നിരവധി മന്ത്രിമാരും രാജകുമാരന്മാരും ചടങ്ങുകളിൽ സംബന്ധിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇന്നലെ ഉച്ചക്കു ശേഷം അൽയെമാമ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിൽ സൽമാൻ രാജാവ് വിശദീകരിച്ചു. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെ ടൂറിസം മേഖലയിൽ പരസ്പരം സഹകരണത്തിന് ഒപ്പുവെച്ച ധാരണ പത്രം ഇന്നലെ ശൂറ കൗൺസിൽ അംഗീകരിച്ചു. ഫെബ്രുവരി 20 ന് ന്യൂദൽഹിയിൽ വെച്ചാണ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജും ഇന്ത്യൻ ടൂറിസം മന്ത്രാലയവും ധാരണ പത്രം ഒപ്പുവെച്ചത്.