റിയാദ് - സൗദിയിലെ ഏറ്റവും വലിയ വോക്‌സ് സിനിമാ തിയേറ്റർ ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് യു.എ.ഇയിലെ മാജിദ് അൽഫുതൈം ഗ്രൂപ്പ് അറിയിച്ചു. റിയാദ് സീസൺ പരിപാടികൾ നടക്കുന്ന കേന്ദ്രങ്ങളിലൊന്നായ റിയാദ് ഫ്രന്റ് പദ്ധതിയിലാണ് ഏറ്റവും വലിയ തിയേറ്റർ തുറക്കുന്നത്. പതിനെട്ടു സ്‌ക്രീനുകളും 1500 സീറ്റുകളുമാണ് പുതിയ തിയേറ്റർ സമുച്ചയത്തിലുള്ളത്. റിയാദിൽ അൽഫുതൈം ഗ്രൂപ്പ് തുറക്കുന്ന അഞ്ചാമത്തെ മൾട്ടിപ്ലക്‌സ് ആണിത്. 2018 ഏപ്രിലിലാണ് റിയാദിലെ ആദ്യത്തെ വോക്‌സ് തിയേറ്റർ മാജിദ് അൽഫുതൈം ഗ്രൂപ്പ് തുറന്നത്. റിയാദിനു പുറമെ ജിദ്ദയിലും ഗ്രൂപ്പിനു കീഴിൽ മൾട്ടിപ്ലക്‌സുണ്ട്. സൗദിയിൽ അഞ്ചു വർഷത്തിനുള്ളിൽ 200 കോടി റിയാൽ ചെലവഴിച്ച് 600 സ്‌ക്രീനുകൾ തുറക്കുന്നതിനാണ് അൽഫുതൈം ഗ്രൂപ്പ് പദ്ധതിയിടുന്നത്.