റിയാദ് - സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേക്ക് സമാന്തരമായി പുതിയ കടൽപ്പാലം നിർമിക്കുന്നതിന് മുന്നോടിയായി കൺസൾട്ടൻസി കരാർ ഒപ്പുവെച്ചു. കെ.പി.എം.ജി ഫിനാൻഷ്യൽ കൺസൾട്ടൻസി, ടെക്‌നിക്കൽ കൺസൾട്ടൻസി സ്ഥാപനമായ എയ്‌കോം, ലീഗൽ കൺസൾട്ടന്റ് ആയ സി.എം.എസ് എന്നിവ അടക്കമുള്ള മൂന്നു അന്താരാഷ്ട്ര കമ്പനികൾ അടങ്ങിയ കൺസോർഷ്യത്തിനാണ് കരാർ അനുവദിച്ചിരിക്കുന്നത്. 33.6 ദശലക്ഷം റിയാലാണ് കരാർ തുക.
സൗദി കസ്റ്റംസ് മേധാവിയും കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹ്മദ് അൽഹഖ്ബാനി, ബഹ്‌റൈൻ ഗതാഗത, ടെലികോം മന്ത്രി എൻജിനീയർ കമാൽ ബിൻ അഹ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി സി.ഇ.ഒ എൻജിനീയർ ഇമാദ് അൽമുഹൈസിനും കെ.എം.ബി.ജി അൽഫൗസാൻ ആന്റ് പാർട്‌ണേഴ്‌സ് ചെയർമാൻ ഡോ. അബ്ദുല്ല അൽഫൗസാനുമാണ് കരാറിൽ ഒപ്പുവെച്ചത്.
പൊതു, സ്വകാര്യ മേഖലകൾ തമ്മിലെ പങ്കാളത്തത്തിനുള്ള ഏറ്റവും മികച്ച മാതൃക തയാറാക്കൽ, സാമ്പത്തിക സാധ്യതാ പഠനം, മാനദണ്ഡങ്ങൾ, എൻജിനീയറിംഗ് ഡ്രോയിംഗ്‌സ് എന്നിവ കരാറിൽ ഉൾപ്പെടുന്നു. 25 കിലോമീറ്റർ നീളത്തിലാണ് പുതിയ സമാന്തര പാലം നിർമിക്കുന്നത്. കാറുകൾക്കും ലോറികൾക്കും പ്രത്യേകം ട്രാക്കുകളുണ്ടാകുന്ന പാലത്തിൽ ദമാം റെയിൽവേ സ്റ്റേഷനെയും ബഹ്‌റൈനിലെ അൽറംലി ഏരിയ റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിച്ച് ഇരട്ടപ്പാതയുമുണ്ടാകും. പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അൽറംലി റെയിൽവേ സ്റ്റേഷനും നിർമിക്കും.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പാലം നിർമിക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളും സൗദി ഗതാഗത മന്ത്രാലയവുമായും ബഹ്‌റൈനിലെ ഗതാഗത മന്ത്രാലയവുമായും സഹകരിച്ച് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി നിരീക്ഷിക്കും. സൗദി അറേബ്യക്കും ബഹ്‌റൈനുമിടയിലെ യാത്രക്കാരുടെ എണ്ണത്തിലും ചരക്കു നീക്കത്തിലുമുള്ള വളർച്ചയുമായി ഒത്തുപോകുന്ന നിലയിലാണ് പുതിയ കടൽ പാലം നിർമിക്കുന്നത്. സൗദി അറേബ്യക്കും ബഹ്‌റൈനുമിടയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഏഴു ശതമാനം വാർഷിക വളർച്ചയുണ്ട്.
റിയാദിൽ നടക്കുന്ന മൂന്നാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിനോടനുബന്ധിച്ചാണ് കൺസൾട്ടൻസി കരാർ ഒപ്പുവെച്ചത്. 1100 കോടി റിയാലാണ് പുതിയ പാലത്തിന്റെ നിർമാണത്തിന് ചെലവ് കണക്കാക്കുന്നത്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ച് കിംഗ് ഫഹദ് കോസ്‌വേക്ക് സമാന്തരമായി പുതിയ കടൽ പാലം നിർമിക്കുന്നതിനെ കുറിച്ച് നേരത്തെ പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കിയിരുന്നു.
പുതിയ കടൽപ്പാലം നിർമിക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്നതിന് 250 പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾ മുന്നോട്ടു വന്നതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. കോൺട്രാക്ടിംഗ് കമ്പനികൾ, ബാങ്കുകൾ, ഫിനാൻസ് കമ്പനികൾ, ലോജിസ്റ്റിക് സപ്പോർട്ട് കമ്പനികൾ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളാണ് പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്നതിന് മുന്നോട്ടു വന്നിരിക്കുന്നത്. പുതിയ പാലം സാമ്പത്തികമായി വിജയകരമായിരിക്കുമെന്ന് സാധ്യതാ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷാവസാനം വരെയുള്ള കാലത്ത് കിംഗ് ഫഹദ് കോസ്‌വേയിലൂടെ 38.2 കോടി പേർ യാത്ര ചെയ്തതായാണ് കണക്ക്. കിംഗ് ഫഹദ് കോസ്‌വേയിലെ കടുത്ത തിരക്ക് കണക്കിലെടുത്താണ് കോസ്‌വേക്ക് സമാന്തരമായി പുതിയ പാലം നിർമിക്കുന്നത്. 1986 നവംബർ 12 നാണ് കിംഗ് ഫഹദ് കോസ്‌വേ വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തത്. 1981 ജൂലൈ എട്ടിനാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. പുതിയ പാലം നിർമിക്കുന്നതിന് അഞ്ചു വർഷം വരെ എടുക്കുമെന്നാണ് കരുതുന്നത്.