Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് വിദേശികള്‍ പണമയക്കുന്നത് മൂന്നാം വര്‍ഷവും കുറഞ്ഞു

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ  സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 10.1 ശതമാനം കുറവ് രേഖപ്പെടുത്തി. ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിദേശികൾ ആകെ 9302 കോടി റിയാലാണ് അയച്ചത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ വിദേശികളുടെ റെമിറ്റൻസ് 10,350 കോടി റിയാലായിരുന്നു. ഈ വർഷം റെമിറ്റൻസിൽ 1048 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. 


സെപ്റ്റംബറിൽ വിദേശികളുടെ റെമിറ്റൻസ് നാലര ശതമാനം തോതിൽ വർധിച്ചു. സെപ്റ്റംബറിൽ വിദേശികൾ 1027 കോടി റിയാലാണ് അയച്ചത്. 2018 സെപ്റ്റംബറിൽ ഇത് 983 കോടി റിയാലായിരുന്നു. സെപ്റ്റംബറിൽ വിദേശികൾ അയച്ച പണത്തിൽ ഏകദേശം 44 കോടി റിയാലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി ഏഴു മാസം കുറവ് രേഖപ്പെടുത്തിയ ശേഷമാണ് സെപ്റ്റംബറിൽ വിദേശികളുടെ റെമിറ്റൻസിൽ വർധനവുണ്ടായത്. 2019 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ റെമിറ്റൻസിൽ 3.6 ശതമാനം വർധനവ് രേഖപ്പെടുത്തി. ഓഗസ്റ്റിൽ 992 കോടി റിയാലാണ് വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ 35.5 കോടി റിയാൽ വിദേശികൾ അധികം അയച്ചു. 


ഈ വർഷം മൂന്നാം പാദത്തിൽ വിദേശികളുടെ റെമിറ്റൻസ് 2.4 ശതമാനം തോതിലും രണ്ടാം പാദദത്തിൽ 16.1 ശതമാനം തോതിലും ഒന്നാം പാദത്തിൽ 11.2 ശതമാനം തോതിലും കുറഞ്ഞു. കഴിഞ്ഞ വർഷം നാലാം പാദത്തിൽ 13.9 ശതമാനം തോതിൽ റെമിറ്റൻസ് കുറഞ്ഞിരുന്നു. 
തുടർച്ചയായി മൂന്നാം വർഷവും വിദേശികളുടെ റെമിറ്റൻസ് കുറയുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 13,640 കോടി റിയാലാണ് വിദേശികൾ അയച്ചത്. ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റെമിറ്റൻസ് ആണിത്. 


ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 8.7 ശതമാനം കുറവ് രേഖപ്പെടുത്തി. ഒമ്പതു മാസത്തിനിടെ സൗദികൾ 4190 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4590 കോടി റിയാലായിരുന്നു. ഒമ്പതു മാസത്തിനിടെ സൗദികളുടെ റെമിറ്റൻസിൽ 400 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. സെപ്റ്റംബറിൽ സൗദികളുടെ റെമിറ്റൻസിൽ 5.2 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം സൗദികൾ 450 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2018 സെപ്റ്റംബറിൽ ഇത് 477 കോടി റിയാലായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 16 ശതമാനം വർധന രേഖപ്പെടുത്തി. ഓഗസ്റ്റിൽ 390 കോടി റിയാലാണ് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചതെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. 

Latest News