റിയാദ് - വാളയാർ സംഭവം വ്യക്തമാക്കുന്നത് സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും ഇരകളെ സംരക്ഷിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടെന്നുമാണെന്ന് എൻ.ഡി. എ കേരള വൈസ് ചെയർമാനും പ്രമുഖ ബി.ജെ.പി നേതാവുമായ പി.കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
പ്രതികൾ മാർക്‌സിസ്റ്റുകാരായതു കൊണ്ടാണ് കേസന്വേഷണവും പ്രോസിക്യൂഷനും അട്ടിമറിക്കപ്പെട്ടതെന്നും മുഖ്യമന്ത്രിയറിയാതെ ഇത് സംഭവിക്കില്ലെന്നും പ്രതിപ്പട്ടികയിൽ മുഖ്യമന്ത്രിയെയും ഉൾപ്പെടുത്തണമെന്നും ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു.
നിരപരാധികളായ പെൺകുട്ടികൾ കൊല ചെയ്യപ്പെടുമ്പോഴും ലോക്കപ്പ് മരണം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും അക്കാര്യത്തിൽ അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള സാംസ്‌കാരിക നായകർ മൗനം പാലിക്കുന്നതിൽ അത്ഭുതമുണ്ട്. സാംസ്‌കാരിക നായകർ സി.പി.എമ്മിന്റെ കൂലിയെഴുത്തുകാരാവരുത്. കേരളത്തിൽ നിയമ, നീതിന്യായ വ്യവസ്ഥകൾക്ക് മരണമണി മുഴങ്ങിക്കഴിഞ്ഞതാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
കേരളത്തിൽ പ്രതിപക്ഷ നേതൃത്വത്തെ സോളാർ, പാലാരിവട്ടം കേസുകളുയർത്തിപ്പിടിച്ച് സർക്കാർ ബ്ലാക്‌മെയിൽ ചെയ്യുകയാണ്. അതിനാൽ പ്രതിപക്ഷത്തിന് ഭരണ പക്ഷത്തിനെതിരെ രംഗത്തിറങ്ങാൻ സാധിക്കുന്നില്ല. ഔദ്യോഗിക പ്രതിപക്ഷം യു.ഡി.എഫാണെങ്കിലും ബി.ജെ.പിയാണ് സർക്കാരിനെതിരെ ശക്തമായി രംഗത്തുള്ളത്.
കോന്നിയിലും വട്ടിയൂർക്കാവിലും വോട്ടു കച്ചവടം നടത്തിയത് കെ. മുരളീധരനും അടൂർ പ്രകാശുമാണ്. ഇവർ നിർദേശിച്ച വ്യക്തിയെ സ്ഥാനാർഥികളാക്കിയില്ല. അതിനാൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് വോട്ട് മറിച്ചു വിറ്റു. ഇത് പുറത്തു വരാതിരിക്കാനാണ് ബി.ജെ.പിക്ക് വോട്ടു മറിച്ചുവെന്ന് പറയുന്നത്. വട്ടിയൂർക്കാവ് ഫലം പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. സ്ഥാനാർഥിയെ കുറിച്ച് ആർക്കും പരാതിയില്ല. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചുള്ള റിപ്പോർട്ട് പാർട്ടി പരിശോധിച്ച് ആവശ്യമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കും. 2021 ൽ ഞങ്ങൾ വട്ടിയൂർക്കാവ് പിടിക്കുക തന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു.
സമുദായ സംഘടനകൾക്ക് നിഷ്പക്ഷ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ശരി ദൂരമെന്നാൽ യു.ഡി.എഫ് പക്ഷമാണെന്ന അഭിപ്രായമില്ല. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷം ആവശ്യമായ നടപടികളിലേക്ക് പ്രവേശിക്കും. ഞങ്ങൾ എപ്പോഴും വിശ്വാസത്തിന്റെ പക്ഷത്താണ്. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയം ഉയർത്തിക്കൊണ്ടുവന്നത് ബി.ജെ.പിയാണെങ്കിലും അതിന്റെ ഗുണം യു.ഡി.എഫിനാണ് ലഭിച്ചതെന്ന് സമ്മതിക്കുന്നു. പിണറായിക്കെതിരെയുള്ള ജനവിധി ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിന് അനുകൂലമായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് ഇപ്പോഴും തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന കോൺഗ്രസ് ജാതി രാഷ്ട്രീയം കളിച്ചതാണ് ഹരിയാനയിൽ സംഭവിച്ചത്. എന്നാൽ ബി.ജെ.പിക്ക് ചിലയിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിപരീത ഫലമുണ്ടാക്കിയത് വിമത സ്ഥാനാർഥികളും മറ്റു പാർട്ടികളിൽ നിന്നു വന്ന സ്ഥാനാർഥികളുമാണ്.
കശ്മീർ ഇപ്പോൾ വളർച്ചയുടെയും പുരോഗതിയുടെയും പാതയിലാണ്. നേരത്തെ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ പരിഹരിച്ചു കഴിഞ്ഞു. ഭീകരവാദ നീക്കങ്ങൾ ചെറുക്കാനാണ് കശ്മീരിനെ വിഭജിച്ചത്. പൗരത്വ പട്ടികയിലെ അപാകതകൾ മതപരമായ വിവേചനമില്ലാതെ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പു തന്നിട്ടുണ്ട്. ബി.ജെ.പി മുസ്‌ലിംകൾക്കെതിരല്ല. കോൺഗ്രസും സി.പി.എമ്മും ഉണ്ടാക്കിയ തെറ്റിദ്ധാരണയാണത്. കേരളത്തിലെ ബി.ജെ.പിക്ക് പുതിയ പ്രസിഡന്റിനെ കേ്രന്ദക്കമ്മിറ്റിയാണ് തീരുമാനിക്കുകയെന്നും ആര് വന്നാലും എല്ലാ പ്രവർത്തകരും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവെ യാത്രക്കാർക്ക് സ്റ്റേഷനുകളിൽ ഏറ്റവും നല്ല സൗകര്യങ്ങൾ ഒരുക്കും. കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം തന്നെ ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ തയാറാക്കും. പുതിയ കോച്ചുകൾ, മെമു ട്രെയിനുകൾ, മൂന്നാം ട്രാക്ക്, അതിവേഗ പാത തുടങ്ങിയ റെയിൽവേയുടെ ഭാവി വികസന പദ്ധതികൾക്ക് വലിയ മുതൽമുടക്ക് അനിവാര്യമാണ് -റെയിൽവേ മന്ത്രാലയത്തിലെ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള സമിതിയുടെ ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു.