Sorry, you need to enable JavaScript to visit this website.

മാവോ നേതാവ് മണിവാസകവും കൊല്ലപ്പെട്ടതായി പോലീസ്; മരണം നാലായി

പാലക്കാട്- അട്ടപ്പാടിയിൽ തണ്ടർബോൾട്ട് സംഘവുമായുള്ള ഏറ്റുമുട്ടലിനിടയിൽ മാവോ വാദി നേതാവ് മണിവാസകവും കൊല്ലപ്പെട്ടതായി പോലീസ്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.  ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോവാദി പ്രവർത്തകർ നേരത്തെ വെടിയേറ്റ് മരിച്ചിരുന്നു. അഗളിക്കടുത്ത് ഉൾക്കാട്ടിൽ മഞ്ചക്കണ്ടി ഊരിന് സമീപം ഇന്നലെ രാവിലെ നടന്ന വെടിവെയ്പ്പിലാണ് മരണം. ചിക്മംഗളൂർ സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്‌നാട് സ്വദേശി കാർത്തി എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. വാസകം ഒരു വർഷമായി അട്ടപ്പാടി കേന്ദ്രമായി പ്രവർത്തിക്കുകയാണ്. ഇന്നത്തെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചുനാളായി പ്രമേഹ രോഗ ബാധിതനായിരുന്നു. മാവോവാദികളുടെ ഭവാനിദളത്തിൽ പെട്ടവരാണ് എല്ലാവരും. മൃതദേഹങ്ങൾ കാട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പേർ സമീപത്ത് തന്നെ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കാട്ടിൽ തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ തണ്ടർബോൾട്ട് സംഘത്തിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തണ്ടർബോൾട്ട് അസിസ്റ്റന്റ് കമാന്റന്റ് സോളമന്റെ നേതൃത്വത്തിലായിരുന്നു മാവോവാദി ക്യാമ്പിനെതിരായ ആക്രമണം. സംസ്ഥാനത്ത് സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ മാവോയിസ്റ്റ് വേട്ടയാണിത്. നിലമ്പൂർ കരുളായിയിലും വയനാട് ലക്കിടിയിലും ആണ് നേരത്തേ ഏറ്റുമുട്ടലുകൾ നടന്നത്. കരുളായിയിൽ രണ്ടു പേരും ലക്കിടിയിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു. 
മഞ്ചക്കണ്ടി ഊരിനു സമീപം മാവോവാദികളുടെ രഹസ്യയോഗം നടക്കുന്ന വിവരമറിഞ്ഞാണ് തണ്ടർബോൾട്ട് സംഘം അവിടെയെത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് പറയുന്നതിങ്ങനെ- നിലവിൽ കബനിദളം, നാടുകാണിദളം, ഭവാനിദളം എന്നിങ്ങനെ മൂന്നു സംഘങ്ങളായാണ് മാവോവാദികൾ കേരളത്തിൽ പ്രവർത്തിക്കുന്നത്. നാലാമതായി ശിരുവാണിദളം എന്ന പേരിൽ പുതിയൊരു സംഘം കൂടി ആരംഭിച്ച് അട്ടപ്പാടിയിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ മാവോയിസ്റ്റുകൾ തീരുമാനിച്ചിരുന്നു. അതിന്റെ കൂടിയാലോചനാ യോഗമായിരുന്നു മഞ്ചക്കണ്ടിയിൽ നടന്നത്. അവിടെയെത്തിയ തണ്ടർബോൾട്ട് സംഘത്തിനെതിരേ ആദ്യം മാവോവാദികളാണ് വെടിയുതിർത്തത്. തിരിച്ചടിയിലായിരുന്നു മരണം. ചിതറിപ്പോയ മാവോവാദികൾക്കു വേണ്ടി രാത്രിയും തെരച്ചിൽ തുടരുകയാണ്. പാലക്കാട് എസ്.പി ടി.വിക്രം, ആന്റി മാവോയിസ്റ്റ് കമാന്റന്റ് ചൈത്ര തെരേസ ജോൺ എന്നിവർ സ്ഥലം സന്ദർശിച്ചു. അട്ടപ്പാടിയിലെ തമിഴ്‌നാട് അതിർത്തിയിലും മാവോവാദി സാന്നിധ്യമുള്ള മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രത പാലിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അട്ടപ്പാടിയിൽ കുറേക്കാലമായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടെങ്കിലും ഇത്തരമൊരു ഏറ്റുമുട്ടൽ ആദ്യമാണ്. 2015 നവംബറിൽ മണ്ണാർക്കാട് അമ്പലപ്പാറയിൽ ഏറ്റുമുട്ടൽ നടന്നെങ്കിലും മരണമുണ്ടായില്ല. കേരളത്തിലെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മാവോയിസ്റ്റുകൾക്കെതിരേ മുൻകരുതൽ എടുക്കാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശം വന്നതിനു തൊട്ടുപിറകേയാണ് ഇന്നലത്തെ സംഭവം. മാവോയിസ്റ്റുകളെ പ്രതിരോധിക്കാൻ ഈ ജില്ലകളിൽ ഹൈടെക് പോലീസ് സ്റ്റേഷനുകൾക്കായി സാമ്പത്തിക സഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 580 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
ഇതിനിടെ അട്ടപ്പാടിയിലുണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വാളയാർ പീഡനക്കേസ് വിവാദത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ സർക്കാർ കളിച്ച നാടകമാണ് മാവോവാദിവേട്ടയെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി ആരോപിച്ചു. അട്ടപ്പാടിയിൽ മാവോവാദികൾ ഇല്ലെന്ന് നേരത്തേ പോലീസ് തന്നെ പറഞ്ഞിട്ടുണ്ടെന്നും ഏതെങ്കിലും പാവങ്ങളെയാവും വെടിവെച്ച് കൊന്നത് എന്ന് ന്യായമായും സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ വിമർശനവുമായി വിവിധ മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Latest News