സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
വ്യാജ ഏറ്റുമുട്ടലെന്ന് കോൺഗ്രസ്
പാലക്കാട്- അട്ടപ്പാടിയിൽ തണ്ടർ ബോൾട്ട് സംഘവുമായുള്ള ഏറ്റുമുട്ടലിനിടയിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റ് പ്രവർത്തകരെ വെടിവെച്ചു കൊന്നുവെന്ന പോലീസിന്റെ അവകാശവാദത്തിൽ വിവാദം കനക്കുന്നു. വാളയാറിൽ കുട്ടികളുടെ മരണത്തിൽ മുഖം നഷ്ടപ്പെട്ട പോലീസ് ജനശ്രദ്ധ തിരിച്ചുവിടാനാണ് വെടിവെപ്പെന്നാണ് ആരോപണം. അഗളിക്കടുത്ത് ഉൾക്കാട്ടിൽ മഞ്ചക്കണ്ടി ഊരിന് സമീപം തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പിലാണ് ചിക്മംഗളൂർ സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്‌നാട് സ്വദേശി കാർത്തി എന്നിവർ കൊല്ലപ്പെട്ടത്. മാവോ വാദികളുടെ ഭവാനി ദളത്തിൽ പെട്ടവരാണ് എല്ലാവരും. മൃതദേഹങ്ങൾ കാട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പേർ സമീപത്ത് തന്നെ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കാട്ടിൽ തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ തണ്ടർ ബോൾട്ട് സംഘത്തിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തണ്ടർ ബോൾട്ട് അസിസ്റ്റന്റ് കമാൻഡന്റ് സോളമന്റെ നേതൃത്വത്തിലായിരുന്നു മാവോവാദി ക്യാമ്പിനെതിരായ ആക്രമണം. സംസ്ഥാനത്ത് സമീപ കാലത്ത് നടക്കുന്ന മൂന്നാമത്തെ മാവോയിസ്റ്റ് വേട്ടയാണിത്. നിലമ്പൂർ കരുളായിയിലും വയനാട് ലക്കിടിയിലും ആണ് നേരത്തെ ഏറ്റുമുട്ടലുകൾ നടന്നത്. കരുളായിയിൽ രണ്ടു പേരും ലക്കിടിയിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു.
മഞ്ചക്കണ്ടി ഊരിനു സമീപം മാവോ വാദികളുടെ രഹസ്യ യോഗം നടക്കുന്ന വിവരമറിഞ്ഞാണ് തണ്ടർ ബോൾട്ട് സംഘം അവിടെയെത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് പറയുന്നതിങ്ങനെ: നിലവിൽ കബനി ദളം, നാടുകാണി ദളം, ഭവാനി ദളം എന്നിങ്ങനെ മൂന്നു സംഘങ്ങളായാണ് മാവോ വാദികൾ കേരളത്തിൽ പ്രവർത്തിക്കുന്നത്. നാലാമതായി ശിരുവാണി ദളം എന്ന പേരിൽ പുതിയൊരു സംഘം കൂടി ആരംഭിച്ച് അട്ടപ്പാടിയിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ മാവോയിസ്റ്റുകൾ തീരുമാനിച്ചിരുന്നു. അതിന്റെ കൂടിയാലോചനാ യോഗമായിരുന്നു മഞ്ചക്കണ്ടിയിൽ നടന്നത്. അവിടെയെത്തിയ തണ്ടർ ബോൾട്ട് സംഘത്തിനെതിരെ ആദ്യം മാവോ വാദികളാണ് വെടിയുതിർത്തത്. തിരിച്ചടിയിലായിരുന്നു മരണം. ചിതറിപ്പോയ മാവോ വാദികൾക്കു വേണ്ടി രാത്രിയും തെരച്ചിൽ തുടരുകയാണ്. പാലക്കാട് എസ്.പി ടി.വിക്രം, ആന്റി മാവോയിസ്റ്റ് കമാൻഡന്റ് ചൈത്ര തെരേസ ജോൺ എന്നിവർ സ്ഥലം സന്ദർശിച്ചു. അട്ടപ്പാടിയിലെ തമിഴ്‌നാട് അതിർത്തിയിലും മാവോവാദി സാന്നിധ്യമുള്ള മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രത പാലിക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
അട്ടപ്പാടിയിൽ കുറേക്കാലമായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടെങ്കിലും ഇത്തരമൊരു ഏറ്റുമുട്ടൽ ആദ്യമാണ്. 2015 നവംബറിൽ മണ്ണാർക്കാട് അമ്പലപ്പാറയിൽ ഏറ്റുമുട്ടൽ നടന്നെങ്കിലും മരണമുണ്ടായില്ല. കേരളത്തിലെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മാവോയിസ്റ്റുകൾക്കെതിരെ മുൻകരുതൽ എടുക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശം വന്നതിനു തൊട്ടു പിറകേയാണ് ഇന്നലത്തെ സംഭവം. മാവോയിസ്റ്റുകളെ പ്രതിരോധിക്കാൻ ഈ ജില്ലകളിൽ ഹൈടെക് പോലീസ് സ്റ്റേഷനുകൾക്കായി സാമ്പത്തിക സഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 580 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ, അട്ടപ്പാടിയിലുണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വാളയാർ പീഡനക്കേസ് വിവാദത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ സർക്കാർ കളിച്ച നാടകമാണ് മാവോവാദി വേട്ടയെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി ആരോപിച്ചു. അട്ടപ്പാടിയിൽ മാവോ വാദികൾ ഇല്ലെന്ന് നേരത്തെ പോലീസ് തന്നെ പറഞ്ഞിട്ടുണ്ടെന്നും ഏതെങ്കിലും പാവങ്ങളെയാവും വെടിവെച്ച് കൊന്നത് എന്ന് ന്യായമായും സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ വിമർശനവുമായി വിവിധ മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, അട്ടപ്പാടിയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് റൂറൽ ജില്ലയിലെ മലയോര മേഖലകളിൽ പോലീസ് ജാഗ്രതാ നിർദേശം നൽകി. വയനാട്, മലപ്പുറം ജില്ലകളോട് ചേർന്ന് കിടക്കുന്ന വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. റൂറൽ ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പോലീസ് സ്‌റ്റേഷനുകൾക്കും ശക്തമായ സുരക്ഷ ഏർപ്പെടുത്തി. തൊട്ടിൽപാലം, കുറ്റിയാടി, വളയം, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി എന്നീ സ്‌റ്റേഷനുകൾക്ക് നേരത്തെ തന്നെ മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്നു.
സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സ്‌റ്റേഷനുകളിൽ സായുധ ധാരികളായ ആന്റി നക്‌സൽ ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. കക്കയം വന മേഖലകളിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പല തവണ മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ച കണ്ണൂർ, വയനാട് ജില്ലകളുടെ വനമേഖലയും പോലീസ് നിരീക്ഷണത്തിലാണ്. വയനാട് ജില്ലയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന മാവോയിസ്റ്റുകൾ വിലങ്ങാടും പരിസരങ്ങളിലും നിരവധി തവണ സാന്നിധ്യം അറിയിച്ചിരുന്നു.