റിയാദ്- ഐ.എസ് നേതാവ് അബൂബക്കർ അൽബഗ്ദാദിയെ വധിക്കുന്നതിന് അമേരിക്കൻ ഭരണകൂടം നടത്തിയ വലിയ ശ്രമങ്ങളെ സൗദി അറേബ്യ പ്രശംസിച്ചു. ഐ.എസ് നേതാവിനെ വേട്ടയാടുന്നതിന് നടത്തിയ ശ്രമങ്ങൾ വിജയിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ ശ്രദ്ധയോടെ നിരീക്ഷിച്ചതായി വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ലോകത്തെങ്ങും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും യഥാർഥ ചിത്രം വികൃതമാക്കുകയും സൗദി അറേബ്യ അടക്കം നിരവധി രാജ്യങ്ങളിൽ മാനവിക മൂല്യങ്ങൾക്ക് നിരക്കാത്ത അതിനിഷ്ഠൂരവും പൈശാചികവുമായ കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്ത ഐ.എസ് അംഗങ്ങളെ വേട്ടയാടുന്നതിന് അമേരിക്കൻ ഭരണകൂടം നടത്തുന്ന വലിയ ശ്രമങ്ങളെ സൗദി അറേബ്യ വിലമതിക്കുന്നു. അമേരിക്ക അടക്കമുള്ള സഖ്യരാജ്യങ്ങളുമായി ചേർന്ന് ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നതിനും ഭീകരതയുടെ ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിനും ആശയ തലത്തിൽ ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നതിനുമുള്ള അക്ഷീണ പ്രയത്‌നങ്ങൾ സൗദി അറേബ്യ തുടരുമെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.