Sorry, you need to enable JavaScript to visit this website.

ദമാമിൽ ഇന്ത്യൻ കോൺസുലേറ്റിന് സാധ്യത

ദമാം- ദമാമിൽ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിക്കണമെന്ന കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന്റെ ആവശ്യത്തിനു പരിഹാരമായി. കോൺസുലേറ്റ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് ബന്ധപ്പട്ട കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. റിയാദിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

അഞ്ചു ലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികൾ വസിക്കുന്ന കിഴക്കൻ പ്രവിശ്യയിൽ എംബസി സേവനം സുഗമമാക്കുന്നതിനും പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ദമാമിൽ കോൺസുലേറ്റ് സ്ഥാപിക്കണമെന്ന് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളും പൊതു പ്രവർത്തകരും വർഷങ്ങളായി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഈ അടുത്ത കാലത്തായി ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര തലത്തിൽ ചർച്ച ഏറെ പുരോഗമിക്കുകയും കോൺസുലേറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിനു അനുമതി നൽകിയതായുമാണ് അറിയുന്നത്. ഇതിനു സമാനമായി ഇന്ത്യയിൽ സൗദി കോൺസുലേറ്റ് കൂടി അനുവദിക്കണമെന്നും ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള കേരളത്തിൽ തന്നെ സ്ഥാപിക്കണമെന്നുമുള്ള ആവശ്യത്തിന് അംഗീകാരമായില്ല. ഹൈദരാബാദിൽ സ്ഥാപിക്കാനുള്ള ചരടുവലിയാണ് അണിയറയിൽ നടന്നു വന്നത്. 


നിലവിൽ കിഴക്കൻ പ്രവിശ്യയിൽ എംബസി സേവനം ലഭിക്കുന്നതിനായി സ്വകാര്യ സ്ഥാപനത്തിന് പുറം കരാർ നൽകിയെങ്കിലും കിലോമീറ്ററുകളോളം വിദൂര സ്ഥലങ്ങളായ ഹഫർ അൽ ബാത്തിൻ, നാരിയ ഖഫ്ജി, സാൽവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തൊഴിലാളികൾക്ക് ഇവിടെ എത്തുകയെന്നത് ക്ലേശകരമാണ്. എംബസിയുടെ പൂർണമായ സേവനം പലപ്പോഴും ഏജൻസി വഴി ലഭിക്കാറുമില്ല. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ നഗരം ഉൾപ്പെടുന്ന ഈ പ്രവിശ്യയിൽ നിരവധി കമ്പനികളാണ് പ്രവർത്തിച്ചു വരുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ നൂറു കണക്കിന് ഇന്ത്യൻ തൊഴിലാളികൾക്ക് വിവിധങ്ങളായ തൊഴിൽ പ്രശ്‌നങ്ങളും നിയമ സഹായവും ലഭ്യമാക്കേണ്ടതുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് ദമാമിൽ സ്ഥാപിതമാകുന്നതോടെ ഇടനിലക്കാരുടെ ചൂഷണങ്ങൾ അവസാനിച്ച് പ്രവാസി സമൂഹത്തിന് ആശ്വാസകരമാവുമെന്നാണ് പ്രതീക്ഷ. 

Latest News