Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്മാര്‍ട്ട് വൈദ്യുതി മീറ്ററുകള്‍ സൗദിയില്‍ നിര്‍മിക്കും; ഗാര്‍ഹിക മേഖലയില്‍ 80 ലക്ഷം മീറ്ററുകള്‍ ലക്ഷ്യം

റിയാദ് - ഗാർഹിക മേഖലയിൽ അടുത്ത വർഷാവസാനത്തോടെ 80 ലക്ഷം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നതിന് ഊർജ മന്ത്രാലയം ലക്ഷ്യമിടുന്നതായി വകുപ്പ് മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സൗദിയിൽ നിർമിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ആദ്യ ഘട്ടം രണ്ടു മാസത്തിനുള്ളിൽ നടപ്പാക്കിത്തുടങ്ങും. പ്രസരണ, വിതരണ മേഖലകളിൽ വൈദ്യുതി നഷ്ടത്തിന് തടയിടുന്നതിനും പ്രസരണ മേഖല മെച്ചപ്പെടുത്തുന്നതിനുമാണ് ഊർജ മന്ത്രാലയം ശ്രമിക്കുന്നത്. 


ഉൽപാദന, പ്രസരണ, വിതരണ മേഖലകൾ പുനഃസംഘടിപ്പിക്കുന്നതാണ് വൈദ്യുതി മേഖല നേരിടുന്ന പ്രതിബന്ധങ്ങൾക്കുള്ള പോംവഴി. സ്മാർട്ട് മീറ്റർ നിർമാണത്തിന് ഒപ്പുവെച്ച കരാർ സേവന ദാതാക്കളെ കുറിച്ച ഉപയോക്താക്കളുടെ വിശ്വാസ്യത ശക്തിപ്പെടുത്തും. മിശ്രിത ഊർജ വളർച്ച ലക്ഷ്യം അനുസരിച്ച് വൈദ്യുതി ഉൽപാദനത്തിന്റെ 70 ശതമാനം പ്രകൃതി വാതകത്തിൽ നിന്നും 30 ശതമാനം പുനരുപയോഗ ഊർജത്തിൽ നിന്നുമാകണം. വൈദ്യുതി മേഖലയിൽ പുനരുപയോഗ ഊർജത്തിന്റെ അനുപാതം വർധിപ്പിക്കുന്നതിന് ഓരോ വർഷവും ഈ അനുപാതം ഊർജ മന്ത്രാലയം പുനഃപരിശോധിക്കും. 


അടുത്ത കാലത്ത് ദക്ഷിണ സൗദിയിൽ ആവർത്തിച്ച് വൈദ്യുതി വിതരണം സ്തംഭിച്ചത് ഏറ്റവും മോശം സംഭവമാണ്. ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. പ്രശ്‌ന പരിഹാരത്തിന് വ്യക്തവും നിർണിതവുമായ പദ്ധതികൾ ആവശ്യമാണ്. ഇതിന് വൈദ്യുതി മേഖല പൊതുവിൽ പുനഃസംഘടിപ്പിക്കണം. പ്രസരണ, വിതരണ മേഖലയിൽ പുനഃസംഘടന നടപ്പാക്കുകയും സേവന ദാതാക്കളെ കുറിച്ച ഉപയോക്താക്കളുടെ വിശ്വാസ്യത ശക്തിപ്പെടുത്തുകയും വേണം. 
സ്മാർട്ട് വൈദ്യുതി മീറ്റർ നിർമാണ മേഖലയിൽ പ്രാദേശിക ഉള്ളടക്കം വർധിപ്പിക്കുന്നതിനാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകൾ സംയോജനത്തോടെ പ്രവർത്തിക്കുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നതിനും തെളിവാണ് സ്മാർട്ട് മീറ്റർ നിർമാണത്തിന് അഞ്ചു സർക്കാർ വകുപ്പുകൾ ഒപ്പുവെച്ച കരാർ. സ്മാർട്ട് വൈദ്യുതി മീറ്റർ നിർമാണ പദ്ധതി വൈകാതെ വെളിച്ചം കാണും. ഉപയോക്താക്കൾക്ക് സേവനം നൽകുന്ന മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്നതിനും വൈദ്യുതി മേഖലയിൽ സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കുമെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 


വൈദ്യുതി സേവന മേഖലയിൽ ഉയർന്ന വിശ്വാസ്യത നേടുന്നതിനും വിശ്വാസയോഗ്യമായ ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിനും മീറ്റർ റീഡിംഗ് എളുപ്പമാക്കുന്നതിനുമാണ് സ്മാർട്ട് വൈദ്യുതി മീറ്റർ പദ്ധതിയിലൂടെ സൗദി ഇലക്ട്രിസിറ്റി കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനി ചെയർമാൻ ഡോ. ഖാലിദ് അൽസുൽത്താൻ പറഞ്ഞു. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക വ്യവസായ ഉള്ളടക്കം വർധിപ്പിക്കുന്നതിനും ആഗോള തലത്തിൽ മത്സരിക്കുന്നതിന് പ്രാദേശിക വ്യവസായങ്ങൾക്ക് അവസരമൊരുക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾ തുടരുമെന്നാണ് ഈ കരാറിലൂടെ കമ്പനി വ്യക്തമാക്കുന്നതെന്നും ഡോ. ഖാലിദ് അൽസുൽത്താൻ പറഞ്ഞു. 


ഊർജ മന്ത്രാലയം, ഇലക്ട്രിസിറ്റി ആന്റ് കോജനറേഷൻ റെഗുലേറ്ററി അതോറിറ്റി, ലോക്കൽ കണ്ടന്റ് ആന്റ് ഗവൺമെന്റ് പ്രോക്യുർമെന്റ് അതോറിറ്റി, സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ, സൗദി ഇലക്ട്രിസിറ്റി കമ്പനി എന്നിവയാണ് സ്മാർട്ട് നിർമാണ കരാർ ഒപ്പുവെച്ചത്. ചുരുങ്ങിയത് 35 ലക്ഷം സ്മാർട്ട് മീറ്ററുകൾ സൗദിയിൽ നിർമിക്കുന്നതിന് സ്മാർട്ട് മീറ്റർ കരാർ നേടുന്ന കമ്പനിയെ നിർബന്ധിക്കണമെന്ന് കരാർ അനുശാസിക്കുന്നു. കരാറിലൂടെ ആകെ ഒരു കോടി സ്മാർട്ട് മീറ്ററുകൾ നിർമിച്ച് സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Latest News