Sorry, you need to enable JavaScript to visit this website.

ആ 35 ലക്ഷം തിരികെ നൽകാമെന്ന് എം.ടി രമേശ്

പത്തനംതിട്ട- തെരഞ്ഞെടുപ്പ് ഫണ്ടിനായി അനുവദിച്ച തുകയിൽ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവ് എം.ടി രമേശ് പ്രതിരോധത്തിൽ. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി അനുവദിച്ച 87 ലക്ഷം രൂപയിൽ 35 ലക്ഷം രൂപ സംബന്ധിച്ച് കണക്കില്ലായിരുന്നു. സംഭവം വിവാദമായതോടെ 35 ലക്ഷം തിരികെ നൽകാൻ രമേശ് തയ്യാറെടുക്കുന്നതായാണ് സൂചന. 
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ്  ചിലവിനായി ഓരോ സ്ഥാനാർത്ഥിക്കും കേന്ദ്രം  നൽകിയത്  87 ലക്ഷം  രൂപ വീതം ആയിരുന്നു. ഇതനുസരിച്ച്  പത്തനംതിട്ട ലോക്‌സഭാ മണ്ഡലം  സ്ഥാനാർത്ഥിയായിരുന്ന എം.ടി രമേശിനും 87  ലക്ഷം രൂപ  ലഭിച്ചു. എന്നാൽ  52 ലക്ഷം രൂപ   ചില വഴിച്ചതിന്റെ കണക്ക് മാത്രമാണ്  എം .ടി രമേശ്  സംസ്ഥാന നേതൃത്വത്തിന് നൽകിയതെന്നാണ് പരാതി  ഉയർന്നിരിക്കുന്നത്.ബാക്കി  35  ലക്ഷം  രൂപയെ സംബന്ധിച്ചാണ്  ആക്ഷേപം  ഉയർന്നിട്ടുള്ളത്. 35 ലക്ഷം രൂപയുടെ കണക്ക് കൊടുക്കാത്തത് സംബന്ധിച്ച്  പാർട്ടി  അന്വേഷണത്തിന്  തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണം  നടന്നാൽ  വെട്ടിലാകുമെന്ന് വ്യക്തമായതോടെ  35 ലക്ഷം രൂപ തിരികെ നൽകാമെന്ന് രമേശ്  സമ്മതിച്ചതായാണ് സൂചന. അതേ സമയം  ഈ വിഷയത്തിൽ  രമേശ്  മാത്രമല്ല  കുറ്റക്കാരനെന്നും പറയപ്പെടുന്നു. അന്നത്തെ  പാർട്ടി  ജില്ലാ പ്രസിഡണ്ട്  അജിത്കുമാർ,തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്  പത്തനംതിട്ടയിൽ  ചുക്കാൻ  പിടിച്ച  ചില നേതാക്കൾ എന്നിവർക്കെതിരെയും  ആരോപണമുന നീളുന്നുണ്ട്. അജിത്കുമാറിനെയും  അന്വേഷണ സമിതി വിളിച്ചു വരുത്താൻ  തീരുമാനിച്ചിട്ടുണ്ട്. മുക്കാൽ  കോടിയിലേറെ  രൂപ  പത്തനംതിട്ട  മണ്ഡലത്തിൽ ലഭിച്ചിട്ടും പഞ്ചായത്ത്  തലത്തിലുള്ള  തിരഞ്ഞെടുപ്പ്  പ്രവർത്തനത്തിന് ആവശ്യമായ പണം  ലഭിക്കുന്നില്ലെന്ന് 2014ലെ തിരഞ്ഞെടുപ്പിൽ  പ്രാദേശിക  പ്രവർത്തകർ പരാതി  പറഞ്ഞിരുന്നു. മെഡിക്കൽ കോഴ വിവാദത്തിൽ  പേര്  പരാമർശിക്കപ്പെട്ടെങ്കിലും സംസ്ഥാന  നേതൃത്വം  ക്ലീൻ  ചിറ്റ് നൽകിയതോടെ രക്ഷപ്പെട്ട  രമേശ് അപ്രതീക്ഷിതമായുണ്ടായ   പരാതിയിൽ  കൂടുതൽ  പ്രതിരോധത്തിലായി. ഇത് രമേശിനെ എതിർക്കുന്ന വിഭാഗത്തിന്  കൂടുതൽ  കരുത്ത്  പകരും.
2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട ആറൻമുള  നിയമസഭാ മണ്ഡലത്തിൽ  മൽസരിച്ചതും രമേശ്  ആയിരുന്നു. എന്നാൽ  ആർ.എസ്.എസ്സിനായിരുന്നു  നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്  പ്രവർത്തനങ്ങളുടെ നേതൃത്വം.
 

Latest News