റിയാദ് - ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തിൽ 8.2 ശതമാനം കുറവ് രേഖപ്പെടുത്തി. ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലത്ത് ആകെ 51,500 കോടി റിയാലിന്റെ എണ്ണയാണ് സൗദി അറേബ്യ കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലവയളവിൽ എണ്ണ കയറ്റുമതി വരുമാനം 56,100 കോടി റിയാലായിരുന്നു. എണ്ണ കയറ്റുമതി വരുമാനത്തിൽ ഈ വർഷം 4600 കോടിയോളം റിയാലിന്റെ കുറവുണ്ടായി. പെട്രോൾ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും തമ്മിലുണ്ടാക്കിയ (ഒപെക് പ്ലസ്) ധാരണ പ്രകാരം സൗദി അറേബ്യ ഉൽപാദനവും കയറ്റുമതിയും കുറച്ചതും ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതുമാണ് എണ്ണ വരുമാനം കുറയാൻ ഇടയാക്കിയത്.
ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ സൗദി അറേബ്യ കയറ്റി അയച്ച എണ്ണയുടെ അളവിൽ രണ്ടര ശതമാനം കുറവുണ്ടായി. ശരാശരി പ്രതിദിനം 70 ലക്ഷം ബാരൽ തോതിലായിരുന്നു ഈ വർഷം എണ്ണ കയറ്റുമതി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 71,80,000 ബാരലായിരുന്നു. ഒപെക് പ്ലസ് ധാരണ പ്രകാരം ഏറ്റവുമധികം എണ്ണയുൽപാദനം വെട്ടിക്കുറച്ചിരിക്കുന്നത് സൗദി അറേബ്യയാണ്. പ്രതിദിന ഉൽപാദനത്തിൽ 3,20,000 ബാരലിന്റെ കുറവാണ് സൗദി അറേബ്യ വരുത്തിയിരിക്കുന്നത്. ഒപെക് പ്ലസ് ധാരണ പ്രകാരം വരുത്തിയ കുറവിന്റെ 27 ശതമാനവും സൗദി അറേബ്യയുടെ പങ്കാണ്.