കോഴിക്കോട്- കല്ലായി ഇസ്‌ലാഹിയ മദ്‌റസയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ താൽക്കാലിക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് കുഞ്ഞിനെ മദ്‌റസയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ മദ്‌റസയിലേക്ക് കൊണ്ടുവരുന്നവരാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നഗരസഭ കൗൺസിലറും പോലീസും സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് മൂന്നു ദിവസം പ്രായമുണ്ട്.
കുഞ്ഞിനൊപ്പം ഒരു കത്തുംവെച്ചിട്ടുണ്ട്. ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്. നിങ്ങൾ ഇതിനെ സ്വീകരിക്കണം. ഈ കുഞ്ഞിന്റെ ജനനം 25/10/2019. ഈ കുഞ്ഞിന് നിങ്ങൾക്ക് ഇഷ്ടമുള്ള പേരിടണം. അല്ലാഹു നിങ്ങൾക്ക് തന്നതാണെന്ന് കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്ക് അല്ലാഹു തന്നു. അത് അല്ലാഹുവിന് തന്നെ ഞങ്ങൾ കൊടുത്തു. ഈ കുഞ്ഞിനെ കിട്ടുന്നവർ ബി.സി.ജി, ഒ.പി.വി., ഹെപറ്റൈറ്റിസ്-ബി.1 എന്ന മരുന്നുകളെല്ലാം നൽകണമെന്നും കത്തിലുണ്ട്.