തബൂക്ക്- ഗൾഫ് പൗരന്റെ വേഷത്തിൽ യാചന നടത്തിവരികയായിരുന്ന ഏഷ്യൻ വംശജനെ തബൂക്ക് പ്രവിശ്യാ യാചകവിരുദ്ധ വിഭാഗം പിടികൂടി. ഒഴുക്കോടെ ഭാഷ കൈകാര്യം ചെയ്യുന്ന യാചകനെ പട്രോൾ പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 55,000 ലേറെ റിയാൽ വരുന്ന തുക കണ്ടെടുത്തു. സൗദി, ബഹ്‌റൈൻ, യു.എ.ഇ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലെ കറൻസികളും ഇതിൽ ഉൾപ്പെടും. രണ്ടര ലക്ഷം റിയാൽ വില മതിക്കുന്ന ആഢംബര കാറിലായിരുന്നു ധനാഢ്യനായ യാചകന്റെ സഞ്ചാരം. ഒരു സ്വദേശി പൗരൻ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.