യാമ്പു - ഒരു വിശ്വാസിയും വർഗീയത ആഗ്രഹിക്കുന്നില്ലെന്നും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി മതത്തെ ദുരുപയോ ഗപ്പെടുത്തുന്നവരാണ് വർഗീയ സ്പർധ വളർത്തി രാജ്യത്ത് കലുഷിത അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. യാമ്പു നാജിൽ അറബ് ഓഡിറ്റോറിയത്തിൽ ജിദ്ദ നവോദയ യാമ്പു ഏരിയാ കമ്മിറ്റി നൽകിയ സ്വീകരണ പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയും കോൺഗ്രസും ഒരേ സാമ്പത്തിക നയത്തിന്റെ വക്താക്കളാണ്. അവർ പിന്തുടരുന്ന മുതലാളിത്തത്തിന്റെ ഫലമായി ഉണ്ടാകുന്നത് സാമ്പത്തിക മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയുമാണ്. മതേതര കക്ഷികളും ഇടതുപക്ഷവും തമ്മിലുള്ള ഐക്യം ശക്തിപ്പെടുമ്പോൾ മാത്രമേ രാജ്യം ഇന്നെത്തി നിൽക്കുന്ന പിന്നോക്കാവസ്ഥയെ മറികടക്കാൻ കഴിയൂ. രാജ്യത്തെ ക്ഷേമ പ്രവർത്തനങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളത്തിലെ ഇടത് സർക്കാർ കാണിച്ചു കൊടുക്കുന്നതെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് കൂടി പ്രചോദനമാണ് കേരള മാതൃകയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വിശ്വാസികളെയും മതത്തെയും അവസാനിപ്പിക്കുക എന്നത് സി.പി.എം അജണ്ടയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാമ്പു ഏരിയാ കമ്മിറ്റി പ്രസിഡന്റ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ രക്ഷാധികാരി വി.കെ.റഊഫ്, പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗോവിന്ദൻ മാസ്റ്റർക്കുള്ള ഉപഹാരം നവോദയ യാമ്പു സെക്രട്ടറി അജോ ജോർജ്, യാമ്പു ഏരിയാ കമ്മിറ്റിയുടെയുടെ മെമന്റോ നവോദയ വൈസ് പ്രസിഡന്റ് ഗോപി മന്ത്രവാദി നൽകി. സിനി വിനോദ്, മധുര മലയാളം ക്ലാസിലെ കുട്ടികളും ബൊക്കെ നൽകി സ്വീകരിച്ചു. വിവിധ യൂനിറ്റ് സാരഥികൾ മുഖ്യാഥിതിക്ക് ഹാരാർപ്പണം നടത്തി. 2020 നവോദയ യാമ്പു ഏരിയാ കമ്മിറ്റിയുടെ കലണ്ടർ പ്രകാശനവും ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ജിദ്ദ നവോദയ വൈസ് പ്രസിഡന്റ് ഗോപി മന്ത്രവാദി സ്വാഗതവും യാമ്പു കുടുംബ വേദി കൺവീനർ ബൈജു വിവേകാനന്ദൻ നന്ദിയും പറഞ്ഞു.