ദുബായ്- യു.എ.ഇ പൗരന്മാര്‍ക്കും യു.എ.ഇ വിസയുള്ള വിദേശികള്‍ക്കും ഇനി താജിക്കിസ്ഥാന്‍ സന്ദര്‍ശനം എളുപ്പം. യു.എ.ഇയില്‍നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യവുമായാണ് താജിക്കിസ്ഥാന്‍ വിസ ഇളവുകള്‍ നല്‍കുന്നത്. പര്‍വതങ്ങളുടേയും നദികളുടേയും തടാകങ്ങളുടേയും നാടായ താജിക്കിസ്ഥാന്‍ സാഹസിക സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന നാടാണ്.
2019-2021 ടൂറിസം വികസന വര്‍ഷങ്ങളായി താജിക്കിസ്ഥാന്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വിസ ഇളവുകളെന്ന് ദുബായിലെ താജിക് കോണ്‍സല്‍ ജനറല്‍ ഇല്‍ഹോം അബ്ദുറഹ്മാന്‍ പറഞ്ഞു. എല്ലാ പ്രായക്കാരുമായ സഞ്ചാരികള്‍ക്കുള്ള വിഭവങ്ങള്‍ താജിക്കിസ്ഥാനിലുണ്ട്. സാഹസിക ടൂറിസം മുതല്‍ മെഡിക്കല്‍ ടൂറിസം വരെ ഇവിടെ സാധ്യമാണ്. യു.എ.ഇയില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ക്രമമായി വര്‍ധിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം സഞ്ചാരികളാണ് ഇവിടെനിന്ന് താജിക്കിസ്ഥാനില്‍ എത്തിയത്.
യു.എ.ഇ അടക്കമുള്ള 80 രാജ്യങ്ങള്‍ക്ക് ഇ വിസ, വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്കും താജിക്കിസ്ഥാനിലേക്ക് ഇ വിസക്ക് അപേക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.