റിയാദ് - റിയാദ് സീസൺ പരിപാടികൾ നടക്കുന്ന റിയാദ് ബോളിവാർഡ് ഏരിയയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഇനി മുതൽ ഓൺലൈൻ വഴി മാത്രം. ബോളിവാർഡ് ഏരിയയുടെ പ്രവേശന കവാടത്തിലെ ടിക്കറ്റ് വിൽപന ഇന്നലെ മുതൽ നിർത്തിവെച്ചു.
ഇന്നലെ മുതൽ റിയാദ് സീസൺ വെബ്‌സൈറ്റും ആപ്പും വഴി മാത്രമായി ടിക്കറ്റ് വിൽപന പരിമിതപ്പെടുത്തിയതായി റിയാദ് സീസൺ മാനേജ്‌മെന്റ് അറിയിച്ചു.
റിയാദ് സീസണിന്റെ ഭാഗമായ ആറു ഏരിയകൾ വെള്ളിയാഴ്ച രാത്രി സന്ദർശകരാൽ നിറയുകയും പരമാവധി ശേഷിയിലെത്തുകയും ചെയ്തതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു. റിയാദ് ബോളിവാർഡ്, റിയാദ് വിന്റർ വണ്ടർലാന്റ്, അൽമുറബ്ബ, മലസ്, റിയാദ് ഫ്രന്റ്, നബദ് അൽറിയാദ് ഏരിയകളാണ് സന്ദർശകരാൽ നിറഞ്ഞത്.
വിനോദ പരിപാടികൾ വീക്ഷിക്കുന്നതിന് 1,60,000 ലേറെ പേർ വെള്ളിയാഴ്ച വൈകിട്ട് ഈ ഏരിയകളിലേക്ക് ഒഴുകിയെത്തി. ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് റിയാദ് ബോളിവാർഡ് ഏരിയയിലാണ്. ഇവിടെ 70,000 ലേറെ സന്ദർശകർ എത്തി. റിയാദ് ഫ്രന്റ്, മലസ് എന്നിവിടങ്ങളിൽ കാൽ ലക്ഷത്തിലേറെ പേർ വീതം എത്തി. റിയാദ് വിന്റർ വണ്ടർലാന്റ് ഏരിയയിൽ 20,000 ലേറെ സന്ദർശകർ എത്തി. നബദ് അൽറിയാദ് ഏരിയയിൽ 15,000 ലേറെ സന്ദർശകരും അൽമുറബ്ബയിൽ രണ്ടായിരത്തിലേറെ പേരും വെള്ളിയാഴ്ച വൈകിട്ട് എത്തി.