ദുബായ് - സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ 17-ാം നിലയിൽ നിന്ന് വീണ് 16 വയസ്സുകാരിയായ പെൺകുട്ടിക്ക് ദാരുണാന്ത്യം. ദുബായ് ശൈഖ് സായിദ് റോഡിലെ ബഹുനില കെട്ടിടത്തിൽ ഇന്നലെയാണ് അപകടം. ഫഌറ്റിന്റെ ബാൽക്കണിയുടെ വക്കിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏഷ്യൻ പെൺകുട്ടി താഴേക്ക് വീണതെന്ന് ദുബായ് പോലീസിലെ സുരക്ഷാ മാധ്യമ വിഭാഗം ഡയരക്ടർ കേണൽ ഫൈസൽ അൽഖസീം പറഞ്ഞു.
ബാൽക്കണിയിൽ കസേരയിൽ കയറി നിന്ന് സെൽഫിയെടുക്കുന്നതിന് ശ്രമിക്കവെ നിയന്ത്രണം വിട്ട് പെൺകുട്ടി താഴേക്ക് വീഴുകയായിരുന്നു. സഹോദരിയുടെ കൺമുന്നിലാണ് ബാലൻസ് നഷ്ടപ്പെട്ട് പെൺകുട്ടി താഴെ വീണത്. കസേരയിൽ കയറി നിന്ന് സെൽഫിയെടുക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നെന്ന് സഹോദരി മൊഴി നൽകി. മൊബൈൽ ഫോൺ ബാൽക്കണിക്കകത്താണ് പതിച്ചത്. പെൺകുട്ടി തൽക്ഷണം മരിച്ചതായി കേണൽ കേണൽ ഫൈസൽ അൽഖസീം പറഞ്ഞു.
ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും കുട്ടികളേയും കൗമാരക്കാരേയും രക്ഷകർത്താക്കൾ നിരീക്ഷിക്കണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഡ്രൈവിംഗിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന്റെ അപകടത്തെ കുറിച്ച് ഞങ്ങൾ എപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഇപ്പോൾ തീർത്തും വ്യത്യസ്തമായ മറ്റൊരു ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. സെൽഫി കാരണമായി ഒരു പെൺകുട്ടി ദാരുണമായി മരിച്ചുവെന്ന് കേണൽ ഫൈസൽ അൽഖസീം പറഞ്ഞു.