ദമാം- അണ്ടർ 19 ഏഷ്യൻ ഫെഡറേഷൻ കപ്പിന്റെ ഗ്രൂപ്പ് എഫ് മത്സരങ്ങൾക്ക് ദമാം വീണ്ടും ഒരിക്കൽ കൂടി വേദിയാകുന്നു. സൗദി അറേബ്യ, ഉസ്‌ബെകിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് എഫിലുള്ളത്. ദമാം റാക്കയിലെ പ്രിൻസ് സൗദ് ബിൻ ജലവി സ്റ്റേഡിയത്തിൽ നവംബർ ആറിന് ഉസ്‌ബെക്കിസ്ഥാനുമായി ഇന്ത്യ മാറ്റുരക്കും. നവംബർ എട്ടിന് സൗദി അറേബ്യയുമായും നവംബർ 10 ന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ മത്സരം. ദിവസേന രണ്ട് കളികളാണ് അരങ്ങേറുക. വൈകിട്ട് നാല് മണി മുതൽ മത്സരം ആരംഭിക്കും. മേളയെ ആവേശപൂർവം വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ദമാമിലെ കായിക പ്രേമികൾ. നിരവധി ഫുട്‌ബോൾ ക്ലബുകളും സംഘാടകരും അടങ്ങുന്ന വലിയ ഒരു സമൂഹം ഇന്ത്യൻ ടീമിന്റെ കളി കാണാനും പ്രോൽസാഹനം നൽകാനും തയാറായി കഴിഞ്ഞു.
2017 ൽ ഇന്ത്യൻ ടീം പങ്കെടുത്ത ഏഷ്യൻ ഫെഡറേഷൻ കപ്പ് വീക്ഷിക്കാൻ ആയിരക്കണക്കിന് ഫുട് ബോൾ ആരാധകരാണ് സൗദിയുടെ വിദൂര പ്രദേശങ്ങളിൽ നിന്നുപോലും ദമാമിലേക്ക് ഒഴുകിയെത്തിയത്. ഏഷ്യൻ ഫെഡറേഷൻ കപ്പിൽ പങ്കെടുക്കുന്നതിനായി അണ്ടർ 19 ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ദമാമിലെത്തി. കിംഗ് ഫഹദ് വിമാനത്താവളത്തിൽ ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (ഡിഫ) പ്രസിഡന്റ് ഡോ. അബ്ദുൽ സലാം കണ്ണിയന്റെ നേതൃത്വത്തിൽ ഡിഫ ഭാരവാഹികളായ ലിയാഖത്ത് കരങ്ങാടൻ, അഷ്‌റഫ് എടവണ്ണ, റഷീദ് മാളിയേക്കൽ, ശരീഫ് മാണൂർ, മുജീബ് കളത്തിൽ എന്നിവർ സ്വീകരിച്ചു.
30 ഓളം പേരടങ്ങുന്ന സംഘമാണ് ടീമിലും ഓഫീഷ്യൽസിലുമുള്ളത്. അമർജിതാണ് ക്യാപ്റ്റൻ. ഫ്‌ളോയിഡ് പിന്റോ കോച്ചും വേലു ദയാലമണി ടീം മാനേജറുമാണ്.
മലയാളി താരങ്ങളായ എറണാകുളം സ്വദേശി റാഫി, കോഴിക്കോട് ബേപ്പൂർ സ്വദേശി സാബിത് എന്നിവർ ടീമിലുണ്ട്. ഗോൾ കീപ്പർ കോച്ച് കെ.കെ.ഹമീദ്, സുൽത്താൻ ബഷീർ (ഫിസിയോ) എന്നിവരും ടീമിനോടൊപ്പമുണ്ട്.