താനൂർ കൊലപാതകം: സി.പി.എം പ്രവർത്തകരായ പ്രതികൾ റിമാന്റിൽ

താനൂർ- താനൂർ അഞ്ചുടിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഒന്നാം പ്രതി കുപ്പന്റെ പുരയ്ക്കൽ അബ്ദുൽ മുഈസ് (24), കുപ്പന്റെ പുരയ്ക്കൽ താഹാ മോൻ (22), വേളിച്ചാന്റെ പുരയ്ക്കൽ മഷ്ഹൂദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സി.പി.എം അനുഭാവികളാണെന്ന്  പോലീസ് അറിയിച്ചു. രാവിലെ പത്തു മണിയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് മൂവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്കു ശേഷം വൈകിട്ട് അഞ്ച് മണിയോടെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ അടുത്ത ബന്ധത്തിൽ പെട്ടവരാണ് പ്രതികളിൽ ചിലരെന്ന് പോലീസ് അറിയിച്ചു. മാസങ്ങൾക്കു മുമ്പ് സി.പി.എം പ്രവർത്തകൻ കുപ്പന്റെ പുരയ്ക്കൽ ഷംസുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന്റെ പ്രതികാരമായിരിക്കാം ഇപ്പോഴുണ്ടായ സംഭവമെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ താനൂർ സി.ഐ ജസ്റ്റിൻ ജോൺ പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെ പറ്റി കൂടുതൽ അന്വേഷണത്തിനു ശേഷമേ പറയാനാകൂവെന്നും സി.ഐ പറഞ്ഞു. ആക്രമണത്തിനു ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന അഞ്ചുടിയിലും സമീപ പ്രദേശങ്ങളിലും മലപ്പുറം എസ്.പി യു.അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ്് കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായവരെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്ത് ഇതു സംബന്ധിച്ച് അന്വേഷിക്കുമെന്നും സി.ഐ പറഞ്ഞു. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പോലീസിനു വിവരം ലഭിച്ചു. അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒമ്പതു പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ വീട്ടിൽ നിന്ന് ഇശാ നിസ്‌കാരത്തിനായി ഇറങ്ങിയ ഇസ്ഹാഖിനെ വീടിനടുത്തുവെച്ചാണ് അതിദാരുണമായി ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വീടിനു എതിർവശത്തെ അടച്ചിട്ട കടക്കു മുന്നിൽ പ്രതികളിൽ ചിലർ ഇരുന്നതായി നാട്ടുകാർ പറഞ്ഞു. കടയുടെ വൈദ്യുതി ഫ്യൂസ് നേരത്തെ ഊരിമാറ്റിയിരുന്നു. അക്രമി സംഘം ചേർന്ന് ബലപ്രയോഗത്തിലൂടെ ഇസ്ഹാഖിനെ തള്ളിയിട്ട ശേഷം നിലത്തു കിടത്തി അനങ്ങാനാകാത്ത വിധം പിടിച്ചാണ് വെട്ടിയതെന്നു വ്യക്തമായിട്ടുണ്ട്. നിലവിളി ശബ്ദം കേട്ട് സഹോദരൻ നൗഫൽ എത്തിയതോടെ അക്രമി സംഘം പള്ളിക്കാട്ടിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. അൽപ സമയത്തിനകം ഇവരിൽ ചിലർ കടപ്പുറത്ത് സംഗമിച്ച ശേഷം മൊബൈൽ ഫോൺ ഓഫാക്കി മുങ്ങുകയായിരുന്നെന്നും പ്രതികളെ ചോദ്യം ചെയ്തതിൽ പോലീസിനു വിവരം ലഭിച്ചു.  ഇസ്ഹാഖിന്റെ സഹോദരൻ നൗഫലിന്റെ മൊഴി പ്രകാരം സംഭവദിവസം രാത്രിയിൽ പ്രതികളെ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം വീടുകളിൽ പരിശോധന നടത്തിയിരുന്നു. അതേസമയം മറ്റു പ്രതികൾക്കായി പോലീസ് വ്യാപക തെരച്ചിൽ നടത്തിവരികയാണ്.

Latest News