മഹാരാഷ്ട്രക്കാരൻ രജനീകാന്ത് ബംഗളുരുവിൽ ബസ് കണ്ടക്ടറായിരുന്നു. പിൽക്കാലത്ത് കോളിവുഡ് അടക്കി വാണ രജനി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. രജനിയുടെ ഓരോ പടം റിലീസ് ചെയ്യുമ്പോഴും ഫാൻസ് അത് വലിയ ആഘോഷമാക്കി. അനീതിയ്‌ക്കെതിരെ പോരാടുന്ന ഹീറോയാണ് അയൽ സംസ്ഥാനത്തെ സാധാരണക്കാർക്ക് രജനി. കോടികൾ കൊയ്യുന്ന രജനി പടങ്ങളിലെ നായികയാവാൻ തെന്നിന്ത്യയിലെ നായികമാരെല്ലാം കൊതിച്ചു.
രജനിയ്ക്ക് മുമ്പ് എം.ജി.ആർ, ജയലളിത എന്നീ താരങ്ങൾ തമിഴകത്തിന്റെ ഹൃദയം കീഴടക്കി. ഉലകം ചുറ്റും വാലിബൻ ഈ ലോകത്തോട് വിട പറഞ്ഞ നാളിൽ തമിഴ് ജനത എത്രമാത്രം അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നുവെന്ന് പ്രകടമായതാണ്. രണ്ട് പേരും തമിഴ്‌നാട് മുഖ്യമന്ത്രി പദവിയിലും ശോഭിച്ചവരാണ്.
എം.ജി രാമചന്ദ്രനും ജെ.ജയലളിതയും മുഖ്യമന്ത്രിമാരായത് സിനിമയിലെ സൂപ്പർ താര പദവി ഉപയോഗപ്പെടുത്തിയാണ്.
ഇവരുടെ എതിരാളിയായിരുന്ന ഡി.എം.കെ നേതാവ് മുൻ മുഖ്യമന്ത്രി കരുണാനിധി പോലും സിനിമാരംഗത്ത് കഴിവ് തെളിയിച്ച നേതാവാണ്. മികച്ച തിരക്കഥാകൃത്ത് കൂടിയായ കരുണാനിധിയുടെ തൂലികയിൽ നിന്നും അനവധി സൂപ്പർ ഹിറ്റ് സിനിമകളാണ് പിറവിയെടുത്തിരുന്നത്. ഈ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെയും പിൻഗാമിയായി തമിഴകം ഭരിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് മൂന്ന് സിനിമാ പ്രവർത്തകരാണ്. രജനി, കമൽ, വിജയ് എന്നിവരാണിവർ. മൂന്ന് പേരും തമിഴകത്തെ സൂപ്പർ താരങ്ങളുമാണ്.
ജയലളിത കാൽക്കൽ വീണ് വിധേയത്വം പ്രകടിപ്പിച്ച സമാകാലിക നേതാക്കളിൽനിന്ന് ഒരു മോചനവുമാവും ഏതെങ്കിലും സൂപ്പർ താരം രാഷ്ട്രീയ നേതൃപദവിയിലെത്തുന്നത്.
ഉലകനായകൻ കമൽ ഹാസൻ ഇതിനകം തന്നെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി കഴിഞ്ഞു.
ലോകസഭ തിരഞ്ഞെടുപ്പിൽ സീറ്റുകൾ കിട്ടിയില്ലങ്കിലും വോട്ടിങ് ശതമാനത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളെ 'മക്കൾ നീതിമയ്യം' ഞെട്ടിച്ചിരുന്നു. എക്കാലത്തെയും സൂപ്പർ ഹിറ്റായ 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കമലിന്റെ ഇപ്പോഴത്തെ നീക്കം. ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ ഒരുക്കുന്ന ഈ സിനിമയുടെ ഒരു ഗാന ചിത്രീകരണത്തിന് വേണ്ടി മാത്രം കോടികളാണ് ചെലവിട്ടിരിക്കുന്നത്.
അഴിമതിക്കെതിരെ പോരാടുന്ന സ്വതന്ത്ര സമര സേനാനി സേനാപതിയുടെ പുനരവതാരമായാണ് 'ഇന്ത്യൻ 2' ൽ കമൽ വീണ്ടുമെത്തുന്നത്. 2021ൽ നടക്കുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ സിനിമ റിലീസ് ചെയ്യാനാണ് പദ്ധതി.
സൂപ്പർ സ്റ്റാർ രജനീകാന്തും തിരക്കിട്ട ഷൂട്ടിങ്ങിലാണിപ്പോൾ. സൂപ്പർ ഹിറ്റ് സംവിധായകൻ മുരുകദോസ് സംവിധാനം ചെയ്യുന്ന 'ഡർബാർ' ആണ് പുതിയ ചിത്രം. ഒരു ഐ.പി.എസ് ഓഫീസറുടെ റോളിലാണ് ഈ സിനിമയിൽ രജനി എത്തുന്നത്.
അഴിമതിക്കും ക്രിമിനൽ വാഴ്ചക്കുമെതിരെ പോരാടുന്ന കഥാപാത്രങ്ങളെയാണ് രണ്ട് താരങ്ങളും അവതരിപ്പിക്കുന്നത്.
'ഇന്ത്യൻ 2' ൽ കമൽ കത്തിയെടുക്കുമ്പോൾ ഡർബാറിൽ രജനി തോക്കെടുക്കുന്നു എന്ന വ്യത്യാസം മാത്രമാണുള്ളത്.
തിയേറ്ററിൽ കിട്ടുന്ന കയ്യടി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് താരങ്ങളുടെ സകല നീക്കങ്ങളും. രജനിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം അധികം താമസിയാതെ തന്നെ ഉണ്ടാകും.
രജനിക്കും കമലിനും മുൻപേ രാഷ്ട്രീയമോഹം കൊണ്ടു നടന്ന താരമാണ് വിജയ്.
'തലൈവ' എന്ന സിനിമയിലൂടെ ആയിരുന്നു ആ തുടക്കം. ഈ സിനിമയുടെ 'ടൈം ടു ലീഡ് ' എന്ന സബ് ടൈറ്റിൽ പോലും ജയലളിത ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഇതുമൂലം ഏറെ പ്രതിസന്ധികളെയാണ് 'തലൈവ' സിനിമക്ക് അനുഭവിക്കേണ്ടി വന്നിരുന്നത്. ഇതിനു ശേഷം ഇറങ്ങിയ വിജയ് സിനിമകളും വലിയ വിവാദത്തിലാണ് കലാശിച്ചിരുന്നത്. സമീപകാലത്ത് ഇറങ്ങിയ മെർസൽ, സർക്കാർ സിനിമകൾ തന്നെ പ്രകടമായ ഉദാഹരണങ്ങളാണ്.
മെർസൽ ബി.ജെ.പി നേതൃത്വത്തെയാണ് ചൊടിപ്പിച്ചതെങ്കിൽ 'സർക്കാർ' സിനിമക്കെതിരെ രംഗത്ത് വന്നത് അണ്ണാ ഡി.എം.കെ ആയിരുന്നു. ജയലളിതയെ അപമാനിച്ചു എന്നതായിരുന്നു ഭരണപക്ഷത്തിന്റെ പ്രധാന ആരോപണം.
അതേസമയം പ്രതിസന്ധികളും വിവാദങ്ങളുമെല്ലാം തമിഴകത്ത് വിജയ് എന്ന ദളപതിയുടെ ജനപ്രീതി വർദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
ദളപതിയുടെ ഏറ്റവും പുതിയ സിനിമയായ ബിഗിലും ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. സംവിധായകൻ അറ്റ്‌ലി കഥ മോഷ്ടിച്ചുവെന്നതാണ് പുതിയ ആരോപണം. ഇതു സംബന്ധമായി ശെൽവ എന്നയാൾ നൽകിയ പരാതിയിപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
ഈ വിവാദം തമിഴകത്തിപ്പോൾ അരങ്ങ് തകർക്കുകയാണ്.
വിജയ് സിനിമകളെ മാത്രം ലക്ഷ്യമിട്ട് തുടർച്ചയായി തടസ്സങ്ങൾ വരുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു. ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള തമിഴ് താരം എന്ന പദവിയിൽ രജനിയെയും കടത്തിവെട്ടിയിരിക്കുകയാണിപ്പോൾ വിജയ്. ബിഗിൽ ട്രയിലർ ഒരാഴ്ചയിൽ മാത്രം കണ്ടത് നാല് കോടി ജനങ്ങളാണ്. 22 ലക്ഷം ലൈക്കും ഈ ചുരുങ്ങിയ ദിവസത്തിനകം ട്രയിലറിന് മാത്രം ലഭിച്ചിട്ടുണ്ട്.
ബോളിവുഡ് സൂപ്പർ താരങ്ങൾ ഉൾപ്പെടെ വിജയ് സിനിമയുടെ ഈ നേട്ടത്തെ പ്രകീർത്തിച്ച് രംഗത്ത് വരുന്ന സാഹചര്യമുണ്ടായി.
അതായത് ഒറ്റ ട്രെയിലറിൽ തന്നെ രാജ്യത്തെ മുൻനിര താരപ്പട്ടികയിലാണ് വിജയ് ഇപ്പോൾ എത്തിയിരിക്കുന്നത് എന്ന് വ്യക്തം.
തമിഴകത്തെ രാഷ്ട്രീയ നേതൃത്വങ്ങളെ മാത്രമല്ല രജനിയുടെ പോലും ചങ്കിടിപ്പിക്കുന്ന കാര്യമാണിത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ് പാർട്ടി രൂപീകരിച്ച് മത്സരിച്ചാലും ഇല്ലങ്കിലും അദ്ദേഹത്തിന്റെ നിലപാട് ഏറെ നിർണ്ണായകമാകും. വിജയ് ആരെ പിന്തുണച്ചാലും ആ വിഭാഗത്തിന് മേൽക്കോയ്മ ലഭിക്കാനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യത. ഇത്തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലെങ്കിലും ഭാവിയിൽ വിജയ് ഒരു കൈ നോക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
സ്വന്തമായി പതാകയുള്ള രാജ്യത്തെ ഏക ഫാൻസ് അസോസിയേഷനാണ് ദളപതിയുടേത്. രാഷ്ട്രീയ പ്രവേശനം മുന്നിൽ കണ്ട് തന്നെയാണ് വിജയ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പറയപ്പെടുന്നത്. തമിഴകത്തെ കൊച്ച് കുട്ടികൾക്ക് പോലും വിജയ്‌യുടെ ചിത്രം ആലേഖനം ചെയ്ത ഈ വെള്ള പതാക സുപരിചിതമാണ്.
സമീപകാലത്ത് പുറത്തിറങ്ങിയ തന്റെ എല്ലാ സിനിമകളിലൂടെയും രാഷ്ട്രീയ കാഴ്ചപ്പടുകൾ വിജയ് തുറന്ന് പറഞ്ഞിട്ടുണ്ട്.
'കത്തി' എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കർഷകരുടെ കണ്ണീരിനൊപ്പം കമ്യൂണിസത്തിന്റെ പ്രസക്തിയും വിജയ് പറയുകയുണ്ടായി. മെർസലിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയാണ് ആഞ്ഞടിച്ചിരുന്നത്. സർക്കാർ എന്ന സിനിമയിലൂടെ അണ്ണാ ഡി.എം.കെ സർക്കാറിനെയും വിജയ് മുൾമുനയിൽ നിർത്തുകയുണ്ടായി.
ജി.എസ്.ടിയെ വിജയ് സിനിമയിലൂടെ വിമർശിച്ചത് പോലെ തമിഴകത്ത് ഏതെങ്കിലും രാഷ്ട്രീയ നേതാവ് വിമർശിച്ചിട്ടുണ്ടാവില്ല. ഇതുകൊണ്ടു തന്നെ സംഘപരിവാർ താരത്തിനെതിരെ വ്യാപക വിമർശനങ്ങളഴിച്ചു വിടുകയുണ്ടായി. ലക്ഷക്കണക്കിന് ഫാൻസുള്ള വിജയ് പൊതു ചടങ്ങുകളിൽ സംബന്ധിച്ച് ഹസ്തദാനം ചെയ്തശേഷം ഡെറ്റോൾ ഒഴിച്ച് കൈ കഴുകാറുണ്ടെന്ന ആരോപണമുയരുന്നതൊക്കെ ബോധപൂർവമാണ്.