Sorry, you need to enable JavaScript to visit this website.

ബി.ജെ.പി കിതച്ചുതുടങ്ങി

ലോകസഭാ തെരഞ്ഞെടുപ്പിലെ വൻ കുതിപ്പിനു പിറകെ ബി.ജെ.പി കിതയ്ക്കുന്നതാണ് രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളും രാജ്യത്താകെ നടന്ന 51 ഉപതെരഞ്ഞെടുപ്പുകളും കാണിക്കുന്നത്. ഹിന്ദുത്വ ദേശീയതയും പാക് ഭീകരതയും ഏശിയില്ലെന്നു മാത്രമല്ല  ജമ്മു-കശ്മീർ വെട്ടിമുറിച്ച് ഫെഡറലിസം തകർത്തതിനെതിരായ ശക്തമായ മൗന പ്രതികരണവും ജനവിധിയിലുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ പത്തു സീറ്റുകളും തൂത്തുവാരിയ ബി.ജെ.പി വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ അവരെ ഞെട്ടിച്ച് തൂക്കുസഭയിൽ തൂങ്ങിയാടുന്ന അവസ്ഥയാണ് ജനവിധിയിൽ കണ്ടത്. പാർട്ടിവിട്ട് മത്സരിച്ചു ജയിച്ച റബലുകളെ വിലക്കെടുത്ത് ഹരിയാനയിൽ കർണാടക മോഡൽ സർക്കാറുണ്ടാക്കാൻ അവർക്കു പ്രയാസമില്ല. എങ്കിലും ഏകകക്ഷി മേധാവിത്വം ഉറപ്പിച്ച് മുന്നോട്ടുപോകാനുള്ള ബി.ജെ.പി നീക്കം പാളുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പു നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും കണ്ടത്. 
കന്നിയങ്കത്തിൽതന്നെ പത്തുസീറ്റുകൾ നേടി വിജയിച്ച ഹരിയാനയിലെ ദേവിലാൽ ചൗട്ടാല കുടുംബത്തിലെ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) ബി.ജെ.പിയുടെ ഏകകക്ഷി വെല്ലുവിളിയായി.  ബി.ജെ.പിയെ 40 സീറ്റിലേക്ക് ഒതുക്കി ഹരിയാനയിൽ കോൺഗ്രസ് 31 സീറ്റിൽ വിജയിച്ചത് ഇതിന്റെ മറ്റൊരു തെളിവാണ്.
മഹാരാഷ്ട്രയിൽ എൻ.സി.പി - കോൺഗ്രസ് സഖ്യത്തിന് 98 സീറ്റുകൾ നേടി ശിവസേനയുടെ 56 സീറ്റിനെ പിന്തള്ളാനും ബി.ജെ.പിയുടെ 105 സീറ്റിന് തൊട്ടുതാഴെ എത്താനും കഴിഞ്ഞത് ശരദ് പവാർ ഉയർത്തിയ മറാത്തവാഡയുടെ ഇനിയും കെടാത്ത ശൗര്യവീര്യം തന്നെയാണ്.  ശിവസേന - ബി.ജെ.പി സഖ്യം ഭരണത്തിൽ തുടരുമെങ്കിലും മന്ത്രിസഭാ രൂപീകരണത്തിൽ തുല്യ പങ്കാളിത്തം വേണമെന്നാണ് ശിവസേനയുടെ ആവശ്യം.  കേവലഭൂരിപക്ഷം മാത്രമുള്ള ബി.ജെ.പിക്ക് അത് ഭീഷണിയാണ്.  ബംഗാളിനും ത്രിപുരയ്ക്കും പിറകെ കേരളത്തിൽ മുന്നേറുമെന്ന ബി.ജെ.പിയുടെ മോഹവും ഇവിടെ തവിടിൻകുടംപോലെ ഉടഞ്ഞുതകർന്നു.
പ്രതിപക്ഷത്തെ നിസ്സാരമാക്കി വെല്ലുവിളിച്ച പ്രധാനമന്ത്രി മോഡിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ദീപാബലി സമ്മാനമായി ഈ തെരഞ്ഞെടുപ്പു ഫലങ്ങളെ അവതരിപ്പിക്കാനാണ് അണിയറയിൽ കാത്തുനിന്നത്.  അഞ്ചുവർഷം ഭരിച്ച ഹരിയാനയിൽ മൂന്നുശതമാനം വോട്ടു കൂടിയിട്ടുണ്ട് എന്നുപറഞ്ഞ് സ്വയം ആശ്വസിക്കാനാണ് പ്രധാനമന്ത്രി മോഡി തന്നെ നിർബന്ധിതനായത്.
ബാങ്ക് അഴിമതിക്കേസിൽ ശരദ് പവാറെ കുടുക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് ജനങ്ങൾ മഹാരാഷ്ട്രയിൽ കനത്ത തിരിച്ചടി നൽകി.  പ്രസിദ്ധമായ സത്താറാ ലോക്‌സഭാ സീറ്റിലെ വിജയവും പവാറുടെ മുൻകൈയിൽ കോൺഗ്രസുമായുണ്ടാക്കിയ സഖ്യവും ഉറങ്ങിക്കിടന്ന സിംഹം സംസ്ഥാനത്താകെ വാർദ്ധക്യം മറന്ന് നടത്തിയ പ്രചാരണവും ബി.ജെ.പിയേയും ശിവസേനയേയും ഒരുപോലെ അമ്പരപ്പിച്ചു.
കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ച് ഭരണം കയ്യടക്കിയ ബി.ജെ.പിക്ക് മഹാരാഷ്ട്രയിൽ ഇത്തവണ ശിവസേനയുമായി സഖ്യമുണ്ടായിട്ടും 20ലേറെ സീറ്റുകൾ നഷ്ടമായി.  ചെറുകിട വ്യവസായ മേഖലയിലും കാർഷിക മേഖലയിലും രാജ്യത്താകെ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതമാണ് ലോകസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാമാങ്കത്തിനു പിറകെ ബി.ജെ.പി  നേരിട്ടത്.  മഹാരാഷ്ട്രയിൽ സംവരണ മണ്ഡലമായ ദഹാൻ 2009നുശേഷം സി.പി.എമ്മിന്റെ വിനോദ് നിക്കോളെ പിടിച്ചെടുത്തത് അവിടുത്ത കാർഷികരംഗത്തെ പ്രക്ഷോഭങ്ങളുടെ തുടർച്ചയായ രാഷ്ട്രീയ വിജയമാണ്.  ഒമ്പതു സീറ്റിൽ മത്സരിച്ച സി.പി.എമ്മിന് അവരുടെ മറ്റൊരു സിറ്റിംഗ് സീറ്റ് എൻ.സി.പി സ്ഥാനാർത്ഥിക്ക് വിട്ടുകൊടുക്കേണ്ടിവന്നു.
കോൺഗ്രസ് നേതൃത്വം പ്രചാരണ രംഗത്തുപോലും എത്തുന്നതിൽ പരാജയപ്പെട്ടിരുന്നു.  എന്നിട്ടും 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് 12 സീറ്റുകൾ നേടാനായി. ബി.ജെ.പിക്കാകട്ടെ 20 സീറ്റുകൾ മൊത്തം നഷ്ടപ്പെടുകയും ചെയ്തു. കേരളത്തിൽ അഞ്ചും നിലനിർത്തിയില്ലെങ്കിലും എൽ.ഡി.എഫിനേക്കാൾ ഒരു സീറ്റ് നീന്തിയെത്താൻ സാഹസപ്പെട്ടാണെങ്കിലും അവർക്കായി.
ഒരു പൊതുതെരഞ്ഞെടുപ്പിന്റെ ആരവമുയർത്തി അഞ്ചു നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ നടന്ന കേരളത്തിൽ അഞ്ചു സീറ്റിലും ബി.ജെ.പി പരാജയപ്പെട്ടു.  മഞ്ചേശ്വരത്ത് മുസ്ലിംലീഗിനോട് ഏറ്റുമുട്ടി രണ്ടാംസ്ഥാനത്ത് പിടിച്ചു നില്ക്കാനായതൊഴിച്ചാൽ മറ്റ് നാല് സീറ്റുകളിലും ദയനീയമായി ബി.ജെ.പി മൂന്നാംസ്ഥാനത്താണ്. 
വട്ടിയൂർക്കാവിലും കോന്നിയിലും വിജയിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും തങ്ങൾക്കുകിട്ടിയ വോട്ടുകൾ അട്ടിമറിക്കപ്പെട്ടതായാണ് തെരഞ്ഞെടുപ്പുഫലം തെളിയിച്ചത്.  പ്രത്യേകിച്ചും വട്ടിയൂർക്കാവിലെ ബി.ജെ.പി വോട്ടുകൾ എങ്ങനെ എൽ.ഡി.എഫിനു ലഭിച്ചു എന്നത് ബി.ജെ.പി പാർട്ടിക്കകത്തും പുറത്തും വിശദീകരിക്കേണ്ട വിഷയമാണ്.  
ബി.ജെ.പിയുടെ ദേശീയ നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രഹസ്യധാരണ ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകുമെന്ന് സൂചനകളുണ്ടായിരുന്നു.  ഹിന്ദുത്വ ദേശീയത ആയുധമാക്കി കുതിക്കുന്ന ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളും ഇടതുപക്ഷ - മതനിരപേക്ഷ ശക്തികളും പ്രബലമായ കേരളത്തിൽ വടക്കേ ഇന്ത്യയിലെ വർഗീയ കാർഡുകൾ വിലപ്പോകില്ലെന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്.
കോൺഗ്രസിന്റെ ദുർബലമായ ദേശീയ നേതൃത്വവും അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളും കേരളത്തിൽ ശക്തമായി പ്രകടമായി.  കോന്നി എൽ.ഡി.എഫിന് സ്വർണ്ണത്തളികയിൽ എത്തിച്ചതിന് എം.എൽ.എ പദവി രാജിവെച്ച് ലോകസഭയിലെത്തിയ അടൂർ പ്രകാശിനോട് സി.പി.എം പ്രത്യേകമായി കടപ്പെട്ടിരിക്കുന്നു. അവസാന നിമിഷം വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രാജശേഖരനെ പിൻവലിച്ച് സി.പി.എം യുവനേതാവിന്റെ തേരോട്ടത്തിന് വഴിയൊരുക്കിയ ബി.ജെ.പിയുടെ ദേശീയ നേതാവിനോടും.
തെരഞ്ഞെടുപ്പു വിജയം സംസ്ഥാന സർക്കാറിനു ലഭിച്ച ഉറച്ച പിന്തുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ട്.  അങ്ങനെയെങ്കിൽ യു.ഡി.എഫ് വിജയിച്ച മൂന്നു സീറ്റുകളിൽ വിശേഷിച്ചും കാലങ്ങളായി കമ്മ്യൂണിസ്റ്റു പാർട്ടിയും സി.പി.എമ്മും കൈവശം വെച്ച അരൂർ സീറ്റിൽ ആ പിന്തുണ ലഭിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറയേണ്ടിവരും.  ആരിഫ് എം.എൽ.എയെ രാജിവെപ്പിച്ച് ലോകസഭയിലേക്ക് മത്സരിപ്പിച്ചതിനെ തുടർന്നാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.   
വിജയം മതനിരപേക്ഷതയുടേതാണെങ്കിൽ അത് ബി.ജെ.പിയുടെ കാര്യം വരുമ്പോൾ യു.ഡി.എഫിനുംകൂടി അവകാശപ്പെട്ടതാണെന്ന് എൽ.ഡി.എഫിന് സമ്മതിക്കേണ്ടിവരും. എൻ.എസ്.എസ് പരസ്യമായി യു.ഡി.എഫിനെ സഹായിക്കാൻ കോന്നിയിൽ രംഗത്തിറങ്ങിയത് ഉർവ്വശീശാപം എൽ.ഡി.എഫിന് ഉപകാരമായിത്തീർന്നു. 
എന്നാൽ ജാതി-മത സങ്കുചിത ശക്തികളുടെ പിന്തുണ തങ്ങൾക്കു വേണ്ടെന്ന നിലപാടൊന്നും സി.പി.എം സ്വീകരിച്ചിട്ടില്ല.  വെള്ളാപ്പള്ളിയുടെ പിന്തുണയും മകനും എൻ.ഡി.എ നേതാവുമായ തുഷാർ വെള്ളാപ്പള്ളിയുടെ ഗൾഫ് ജയിലിൽനിന്നുള്ള മോചനവും കോന്നിയിൽ സഹായിച്ചില്ലെന്നും പറയാനാകില്ല.  എന്നാൽ വെള്ളാപ്പള്ളിയടക്കം ആലപ്പുഴയിൽ വനിതാമതിൽ തീർത്തിട്ടും അരൂരിൽ സി.പി.എം പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് പരസ്യമായി വിശദീകരിക്കേണ്ടതുണ്ട്.  ബി.ജെ.പിയെ തോല്പിക്കാൻ ശേഷിയുള്ളവരെ അതതു മണ്ഡലങ്ങളിൽ തെരഞ്ഞെടുക്കുക എന്ന ഒരു നിലപാട് രാഷ്ട്രീയ പാർട്ടികളെക്കാൾ വോട്ടർമാർ കേരളത്തിൽ ഇത്തവണ സ്വീകരിച്ചതായി വിലയിരുത്തുന്നതാണ് ശരി.
ലോകസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് അല്ല ദേശീയ നേതൃത്വം ദുർബലമായ ഇപ്പോഴത്തെ കോൺഗ്രസ് എന്നത് തീർത്തും ശരിയാണ്.  എന്നാൽ ഫെഡറലിസവും മതനിരപേക്ഷതയും തകർക്കുകയും ഹിന്ദുത്വ ദേശീയതയുടെ ഹുങ്കിൽ മുന്നോട്ടുപോകുകയും ചെയ്യുന്ന കേന്ദ്ര ഗവണ്മെന്റിനെതിരെ രാജ്യത്താകെ നിലനിൽക്കുന്ന പ്രതിഷേധത്തെ സമാഹരിക്കാൻ പറ്റിയ രാഷ്ട്രീയ നേതൃത്വം ഇന്നില്ല എന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നുകൂടി തെരഞ്ഞെടുപ്പു ഫലങ്ങൾ വെളിപ്പെടുത്തുന്നു.  പ്രത്യേകിച്ചും നഗര-ഗ്രാമ ഭേദമില്ലാതെ ജനങ്ങൾ നേരിടുന്ന സാമ്പത്തികവും തൊഴിൽപരവുമായ പ്രതിസന്ധി ക്ഷമിക്കാനും പൊറുക്കാനും വയ്യാത്ത അവസ്ഥയിലേക്ക് ജനങ്ങളെ എത്തിച്ചിരിക്കുന്ന സാഹചര്യത്തിൽ.
ആ രാഷ്ട്രീയ വിഷയം പ്രധാനമന്ത്രി മോഡിക്കും ഗവണ്മെന്റിനുമെതിരെ ശക്തമായി ഉയർത്താൻ കേരളത്തിൽ മുഖ്യമന്ത്രിക്കും എൽ.ഡി.എഫിനും കഴിയുന്നില്ല എന്നതുകൂടി ഈ ഉപതെരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാണിക്കുന്നു.
 

Latest News